മണിപ്പൂരിൽ വ്യാജ ഏറ്റുമുട്ടൽ: കേന്ദ്രത്തെ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ സൈന്യവും ആസാം റൈഫിൾസും പൊലീസും നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് സി.ബി.െഎ പ്രത്യേക അന്വേഷണസംഘം (എസ്.െഎ.ടി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അയച്ച കത്തുകളോട് പ്രതിരോധ മന്ത്രാലയം പ്രതികരിക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെട്ട കേസുകൾ, ജുഡീഷ്യൽ അന്വേഷണങ്ങൾ, ഗോഹട്ടി ഹൈകോടതിയുടെ കണ്ടെത്തലുള്ള കേസുകൾ എന്നിവയിൽ ജൂൺ 30നകം അന്വേഷണം പൂർത്തിയാക്കാൻ എസ്.െഎ.ടിയോട് ജസ്റ്റിസ് മദൻ ബി.ലോക്കുർ, ജസ്റ്റിസ് യു.യു. ലളിത് എന്നിവർ അംഗങ്ങളായ ബെഞ്ച് ആവശ്യപ്പെട്ടു. വിഷയം ആഭ്യന്തര മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്താമെന്നും സഹകരണം ഉറപ്പാക്കാമെന്നും സി.ബി.െഎക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് ബെഞ്ചിനെ അറിയിച്ചു.
ഫെബ്രുവരിയിൽ നൽകിയ കത്തുകൾക്കുപോലും പ്രതിരോധ മന്ത്രാലയം മറുപടി നൽകാത്തത് എസ്.െഎ.ടി സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽനിന്ന് ബോധ്യപ്പെട്ടതായി ബെഞ്ച് ഉത്തരവിൽ പറഞ്ഞു. കേസ് ജൂൈല രണ്ടിലേക്ക് മാറ്റിയ കോടതി പ്രതിരോധവകുപ്പ് പൂർണമായി സഹകരിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ സർക്കാറിൽനിന്ന് വേണ്ട രേഖകളുടെ പട്ടിക ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകാൻ എസ്.െഎ.ടി മേധാവി ശരത് അഗർവാളിനോട് നിർദേശിച്ച കോടതി അവയിൽ മൂന്നാഴ്ചക്കകം വ്യക്തമായി മറുപടി നൽകണമെന്നും സർക്കാറിനോട് നിർദേശിച്ചു.
മണിപ്പൂരിലെ 1528 വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിലാണ് പരമോന്നത കോടതി വാദംകേൾക്കുന്നത്. ഇതേ തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 14നാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. 31 പ്രഥമവിവര റിപ്പോർട്ടുകളാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.