മണിപ്പൂർ: ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം അഞ്ചായി
text_fieldsഇംഫാൽ: തിങ്കളാഴ്ച വൈകീട്ട് മണിപ്പൂർ തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോയിൽ വാഹനങ്ങളിലെത്തിയ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള പ്രദേശത്ത് നടന്ന വെടിവെപ്പിൽ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.
യു.എ.പി.എ പ്രകാരം നിരോധിച്ച സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)യുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷനറി പീപ്പിൾസ് ഫ്രന്റ് (ആർ.പി.എഫ്) പ്രവർത്തകരാണ് ലിലോങ് ചിങ്ജാവോ പ്രദേശത്ത് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് രംഗത്തെത്തിയിരുന്നു. മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനാണ് വെടിവെച്ചതെന്നും റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് വ്യക്തമാക്കി.
മയക്കുമരുന്നു വ്യാപാരത്തിന്റെ പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിന് ഇടയാക്കിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പ്രകോപിതരായ ജനം അക്രമികളെത്തിയ നാലു വാഹനങ്ങൾക്ക് തീയിട്ടിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എൽ.എ അബ്ദുൽ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പു വരുത്തുമെന്നും ഉറപ്പു നൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ അയഞ്ഞത്. സംഭവത്തെ തുടർന്ന് ഇംഫാൽ താഴ്വരയിലെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ എന്നീ അഞ്ചു ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.