മണിപ്പൂര്‍ കലാപത്തിന് വംശഹത്യയുടെ ലക്ഷണങ്ങൾ; ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണം -തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
text_fieldsതലശ്ശേരി: മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍. മണിപ്പൂര്‍ കലാപത്തിന് വംശഹത്യയുടെ ലക്ഷണങ്ങളുണ്ട്. അങ്ങനെയല്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം.
അമ്പതിലധികം നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തുകയും അനേകം ക്രൈസ്തവ ദേവാലയങ്ങളും സ്‌കൂളുകളും സെമിനാരികളും വീടുകളും ആശുപത്രികളും തകര്‍ക്കുകയും ചെയ്ത മണിപ്പൂര്‍ കലാപം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
സംസ്ഥാന ഭരണകൂടം നിരപരാധികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ കൃത്യതയോടെ നടപ്പാക്കിയിരുന്നുവെങ്കില്‍ ഇത്രയേറെ മരണങ്ങളും നാശനഷ്ടങ്ങളും സംഭവിക്കില്ലായിരുന്നു. പ്രാണരക്ഷാര്‍ഥം പലായനം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളെ തിരികെ വീടുകളിലെത്തിക്കുന്നതിനും അവര്‍ക്ക് നഷ്ടപ്പെട്ടവ മടക്കി നല്‍കുന്നതിനും വേണ്ട നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യണം.
പട്ടാളത്തെ കലാപബാധിത പ്രദേശങ്ങളില്‍ നിലനിര്‍ത്താനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ആവശ്യമെങ്കില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കലാപബാധിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന നടപടി ഉണ്ടാകണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.