സംസ്ഥാനം കടന്നു പോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ -മണിപ്പൂർ മുഖ്യമന്ത്രി
text_fieldsഇംഫാൽ: സംസ്ഥാനം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്. സംസ്ഥാനത്തിന്‍റെ യാഥാർഥ ശത്രുക്കളെ തിരിച്ചറിയുകയും നേരിടുകയും ചെയ്യേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു.
"മണിപ്പൂർ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് ആദ്യമായല്ല പ്രയാസകരമായ ഘട്ടത്തെ അഭിമുഖീകരിക്കുന്നത്. 1992-93 വർഗീയ സംഘർഷത്തിൽ 1000-ലധികം ജീവൻ നഷ്ടപ്പെട്ടു. 2000 വർഷത്തിലേറെ ചരിത്രമുള്ള ഒരു സംസ്ഥാനത്തെ തകർക്കാൻ ആഗ്രഹിക്കുന്നവരുമായാണ് നമ്മൾ ഇടപെടുന്നത്" -ബിരേൻ സിങ് പറഞ്ഞു.
സംസ്ഥാനം കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഉറങ്ങിയിട്ടില്ല. ഇംഫാൽ താഴ്വരയിൽ കലാപം ഉണ്ടാക്കരുത്. മണിപ്പൂരിന്‍റെ സംരക്ഷണമാകണം ജനങ്ങളുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വിതരണത്തിലൂടെയും വ്യാപക വനനശീകരണത്തിലൂടെയും പുറത്തുനിന്നുള്ള കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിലൂയെയും സംസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ബിരേൻ സിങ് വ്യക്തമാക്കി. വീഴ്ചകളുണ്ടാകാം എന്നാൽ ഭൂമി സംരക്ഷിക്കാൻ വേണ്ടി ക്ഷമിക്കുകയും മറക്കുകയും വേണമെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് മൂന്നിന് വംശീയ കലാപം ആരംഭിച്ച ശേഷം 180ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. മണിപ്പൂർ വീണ്ടും സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ നിരവധി ജില്ലകളിൽ സംഘർഷമുണ്ടായെന്നാണ് റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് ആയുധധാരികളുടെ ആക്രമണത്തിൽ മണിപ്പൂരിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.