മണിപ്പൂരിൽ തീവ്രസംഘടനയുമായി ചർച്ച; സമാധാനക്കരാർ ഉടനെന്ന് മുഖ്യമന്ത്രി
text_fieldsഇംഫാൽ: വംശീയ കലാപഭൂമിയായ മണിപ്പൂരിൽ സമാധാന പ്രതീക്ഷയേകി, ഒളിവിൽ പ്രവർത്തിക്കുന്ന തീവ്രസംഘടനയുമായി സംസ്ഥാന സർക്കാറിന്റെ ചർച്ച. ഏത് സംഘടനയുമായാണ് ചർച്ചയെന്ന് വ്യക്തമല്ല. ഉടൻതന്നെ സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. മേയ് മൂന്നിന് വംശീയ കലാപം തുടങ്ങിയശേഷം ഇത്തരം ചർച്ചകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇതാദ്യമാണ്. നിരോധിച്ച യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ ഒരു വിഭാഗവുമായി സർക്കാർ ചർച്ച നടത്തുന്നതായി നേരത്തേ സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു.
ഒരു തീവ്രവാദ സംഘടനയിൽനിന്നുള്ള ‘ഇടപെടലുകളിൽ’ പ്രതിഷേധിച്ച് വെള്ളിയാഴ്ചമുതൽ ഇംഫാലിൽ പത്രങ്ങളും പ്രാദേശിക ടി.വി ചാനലുകളും പ്രവർത്തനം നിർത്തിയിരുന്നു. വിഷയത്തിൽ സി.ഐ.ഡിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.എൻ അഭയാർഥി കൺവെൻഷനിൽ ഇന്ത്യ കക്ഷിയല്ലെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മ്യാന്മറുകാർക്ക് മണിപ്പൂരിലേക്ക് അഭയം നൽകുന്നതെന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വംശീയ കലാപത്തിൽ 180 ലധികം പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.