'കൊല്ലപ്പെട്ടത് 142 പേർ; ക്യാമ്പുകളിൽ 50,000ത്തിലധികം'; സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് മണിപൂർ സർക്കാർ
text_fieldsന്യൂഡൽഹി: രണ്ട് മാസം പിന്നിട്ട കലാപത്തിൽ മണിപൂരിൽ 142 പേർ കൊല്ലപ്പെട്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ ഭൂരിഭാഗവും ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് വ്യക്തമായ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ മൂന്നിന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ 10ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് 16 പേജുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. മേയ് മൂന്ന് മുതൽ ജൂലൈ നാല് വരെയുള്ള പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലായി 58 പേരാണ് കൊല്ലപ്പെട്ടത്. ചുരാചന്ദപൂരിൽ 26 പേരും കൊല്ലപ്പെട്ടു. താഴ്‍വരയിലെ കക്ചിങ്, ബിഷ്ണുപുർ ജില്ലകളിൽ യഥാക്രമം 21, 18 വീതം പേർ മരിച്ചു. മലയോര ജില്ലയായ കാങ്പോക്പിയിൽ എട്ട് പേരാണ് മരിച്ചത്. സംസ്ഥാനത്ത് ജൂലൈ നാല് വരെ 5995 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ് പ്രധാന എഫ്.ഐ.ആറുകൾ സി.ബി.ഐക്ക് കൈമാറിയതായും റിപ്പോർട്ടിലുണ്ട്.
5053 കേസുകളാണ് തീപിടുത്തവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാങ്പോക്പിയിലാണ് (1091). ചുരാചന്ദ്പൂരിൽ 1043 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 354 ദുരിതാശ്വാസ ക്യാമ്പുകളിലായി 54,488 പേരുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമ്പുകളുടെ നടത്തിപ്പിനായി 101കോടി രൂപ സംഭാവന ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സുപ്രീം കോടതിക്ക് പരിമിതിയുണ്ടെന്നും ഇത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
അതേസമയം മണിപ്പൂരിൽ കലാപം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അക്രമങ്ങൾക്കിടെ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി കൂടുതൽ പൊലീസിനെയും സുരക്ഷാസേനയേയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.