മണിപ്പൂരിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർഥന
text_fieldsഇംഫാൽ: 221 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്ത മണിപ്പൂർ വംശഹത്യ ഒരാണ്ട് പിന്നിട്ട ഇന്നലെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാർഥനാ യോഗങ്ങളും പ്രകടനങ്ങളും നടത്തി. കഴിഞ്ഞ വർഷം മേയ് മൂന്നിനായിരുന്നു മണിപ്പൂരിലെ കുക്കി-സോ, മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ വംശീയ കലാപം തുടങ്ങിയത്.
കൊല്ലപ്പെട്ടവർക്ക് വേണ്ടി ചുരാചന്ദ്പൂരിൽ ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ പ്രാർത്ഥനാ ശുശ്രൂഷ നടത്തി. കാംഗ്‌പോപ്പിയിൽ കുക്കി-സോ സംഘടനകളുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രാർഥനയും പ്രകടനവും നടത്തി.
ഡൽഹി രൂപതയുടെ നേതൃത്വത്തിൽ അശോക് പ്ലേസ് സേക്രഡ് ഹാർട്ട് ചർച്ചിൽ മെഴുകുതിരി തെളിച്ച് പ്രാർഥനയും ഐക്യദാർഢ്യയോഗവും നടത്തി. ആർച്ച് ബിഷപ്പ് അനിൽ ജോസഫ് തോമസ് കൂട്ടോ നേതൃത്വം കുക്കി സ്റ്റുഡൻ്റ്‌സ് ഓർഗനൈസേഷൻ (കെ.എസ്.ഒ) ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതിന് പിന്നാലെ അതേ സ്ഥലത്ത് ഡൽഹി ആസ്ഥാനമായുള്ള മെയ്തേയ് സംഘടനകൾ സമാനമായ പ്രകടനം നടത്തി.
മണിപ്പൂരിൽ സമാധാനം പുലരാൻ ഇരുവിഭാഗത്തിനും സ്വയം ഭരണം നൽകാനുള്ള നടപടി കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഒ ഡൽഹി ചാപ്റ്റർ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ഇനിയും ബന്ധുക്കൾക്ക് കൈമാറാത്ത കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മരിച്ചവരുടെ ഉടൻ നൽകുക, കുക്കി-സോ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുക, കുക്കി-സോ ജനതക്കെതിരായ അനീതി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മറ്റൊരു നിവേദനവും കേന്ദ്രസർക്കാറിന് സമർപ്പിച്ചു.
താഴ്‌വരയിലെ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗത്തിൽ ഉൾപ്പെടുത്താനുള്ള മണിപ്പൂർ ഹൈകോടതി ഉത്തരവിന്റെ തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വർഷം മേയ് 3 ന് മെയ്തേയ് -കുക്കി വിഭാഗക്കാർ തമ്മിൽ കലാപം ആരംഭിച്ചത്. ഒരു വർഷമായി തുടരുന്ന കലാപത്തിൽ കുറഞ്ഞത് 221ലധികം പേർ കൊല്ലപ്പെട്ടു. ഒരു ഡസനോളം സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു.ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. 50,000-ത്തിലധികം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. കലാപത്തിനിടെ കാണാതായ മെയ്തേയ് സമുദായത്തിൽ നിന്നുള്ള 31 പേരെയും കുക്കി-സോ വിഭാഗത്തിൽ നിന്ന് 15 പേരെയും ഇനിയും കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.