ആലിപ്പഴ വർഷത്തിൽ വ്യാപക നാശനഷ്ടം; 6.90 കോടിയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിച്ച് മണിപ്പൂർ സർക്കാർ
text_fieldsആലിപ്പഴ വർഷത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കായി മണിപ്പൂർ സർക്കാർ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) നിന്ന് 6.90 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആലിപ്പഴ വർഷത്തിൽ 15,425 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലിപ്പഴവർഷത്തിലും ചുഴലിക്കാറ്റിലും ഒരാൾ മരിച്ചതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബിരേൻ സിങ് പരാമർശിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, ചുരാചൻപൂർ തുടങ്ങിയ ജില്ലകളിലെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പ്രാഥമിക സർവേ റിപ്പോർട്ടുകൾ പ്രകാരം ഇംഫാൽ ഈസ്റ്റിൽ 5,600 വീടുകളിലും ബിഷ്ണുപൂരിൽ 1,179 വീടുകളിലും ആലിപ്പഴം വീണു.
താഴ്‌വരയിലെ അഞ്ച് ജില്ലകൾക്ക് 50 ലക്ഷം വീതവും ദുരിതബാധിതരായ 11 മലയോര ജില്ലകൾക്ക് 40 ലക്ഷം രൂപയും അതത് ജില്ലാ ഭരണകൂടങ്ങൾ മുഖേന ദുരിതാശ്വാസ പാക്കേജ് അനുവദിക്കും. നിലവിൽ ദുരിതം ബാധിച്ചവരെ സംസ്ഥാനത്തെ 42 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കന്നുകാലികൾ, കൃഷിയിടങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ എന്നിവയുടെ നാശനഷ്ടം വിലയിരുത്താൻ സർവേ തുടരുകയാണ്. സർവേ പ്രകാരം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലിപ്പഴവർഷം ബാധിച്ചവർക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. സി.ജി.ഐ ഷീറ്റുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ദുരിതാശ്വാസ നടപടികൾ ഞായറാഴ്ച മുതൽ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.