‘ദയവുചെയ്ത് ഇവിടെനിന്ന് പോകരുത്, അവർ ഞങ്ങളെ ആക്രമിക്കും’; പട്ടാളക്കാരുടെ കാലുപിടിച്ച് കരഞ്ഞ് കുക്കി വനിതകൾ
text_fieldsഇംഫാല്‍: മണിപ്പൂർ വർഗീയ സംഘര്‍ഷത്തിന്‍റെ രൂക്ഷത വെളിവാക്കുന്ന ഒരു വിഡിയോകൂടി പുറത്ത്. തങ്ങൾെക്കതിരായ ആക്രമണം തുടരുന്നതിനിടെ കുകി വനിതകള്‍ പട്ടാളക്കാരുടെ കാലുപിടിച്ച് രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വിഡിയോ പുറത്ത്. കാങ്‌പോക്പി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാങ്‌പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുക്കി വനിതകള്‍ ജവാന്റെ കാല്‍ പിടിക്കുന്നത്. അസം റൈഫിള്‍സ് മാറിയാല്‍ ഇവിടെ മെയ്തികളുടെ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകില്ലെന്നും പറഞ്ഞാണ് കുകി സ്ത്രീകള്‍ ജവാന്റെ കാല് പിടിച്ചു കരയുന്നത്. മൊറയിലും ചുരാചന്ദ്പൂരിലും അസം റൈഫിള്‍സിനെ തന്നെയാണ് വിന്യസിച്ചിട്ടുള്ളത്.
‘മതിയായ പകരക്കാരില്ലാതെ കേന്ദ്ര സേനയെ നീക്കം ചെയ്താൽ മെയ്തി തീവ്രവാദികളിൽ നിന്ന് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. പകരക്കാരെ ആദ്യം അയയ്ക്കേണ്ടതുണ്ട്. ഇതാണ് സ്ത്രീകൾ പട്ടാളക്കാരോട് ഇവിടെ തുടരാൻ ആവശ്യപ്പെടാൻ കാരണം’-പ്രദേശത്തെ പുരുഷന്മാരിലൊരാൾ പറയുന്നു.
ചുരാചന്ദ്പൂരിലേക്ക് മാറാൻ സൈനികരോട് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ സ്ത്രീകളോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
നേരത്തേ ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റിലെ സെൻഞ്ചം ചിരാങ്ങിലാണ് പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ തലക്ക് വെടിയേൽക്കുകയായിരുന്നു. ബിഷ്ണുപൂരിൽ രണ്ട് സുരക്ഷാ ഔട്ട്പോസ്റ്റുകൾ തകർത്ത് ഓട്ടോമാറ്റിക് തോക്ക് അടക്കം പൊലീസിന്‍റെ ആയുധങ്ങൾ ജനക്കൂട്ടം കവർന്നു.
മണിപ്പൂർ പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ബിഷ്ണുപൂർ ജില്ലയിലെ മണിപ്പൂർ സായുധ പൊലീസ് രണ്ടാം ബറ്റാലിയനിലെ കീരേൻഫാബി പൊലീസ് ഔട്ട്‌പോസ്റ്റും തങ്കലവായ് ഔട്ട്‌പോസ്റ്റുമാണ് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ജനക്കൂട്ടം തകർക്കുകയും ആയുധങ്ങൾ കൊള്ളയടിക്കുകയും ചെയ്തത്. ഹെയിൻഗാങ്ങിലും സിങ്ജമെയിലും ജനക്കൂട്ടം ഇത്തരത്തിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തടയാൻ സാധിച്ചു.
കൗത്രുകിലും ഹരോതേൽ, സെൻഞ്ചം ചിരാങ് മേഖലകളിൽ അക്രമികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. വിവിധ സ്ഥലങ്ങളിൽ അനിയന്ത്രിതമായ ആൾക്കൂട്ടം വെടിവെപ്പുമുണ്ടായി - പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മെയ് മൂന്നിന് കലാപം തുടങ്ങിയതിന് ശേഷം പൊലീസ് സ്‌റ്റേഷനിലും ആയുധപ്പുരകളിലും അതിക്രമിച്ച് കയറി ജനക്കൂട്ടം ഇതുവരെ 4000 ആയുധങ്ങളും 50,000 വെടിയുണ്ടകളും കൊള്ളയടിച്ചു. എന്നാല്‍ ഇതുവരെ 1000 ആയുധങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് തിരിച്ചെടുക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.