മണിപ്പൂരിൽ എൻ.ആർ.സി നടപ്പാക്കണമെന്ന് മെയ്തേയ്, നാഗ സംഘടനകൾ; ഉറപ്പ് നൽകി ഗവർണർ
text_fieldsഇംഫാൽ: നുഴഞ്ഞുകയറ്റം തടയുന്നതിനും തദ്ദേശീയരെ സംരക്ഷിക്കുന്നതിനുമായി സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മെയ്തേയ്, നാഗ സമുദായ സംഘടനകൾ ചൊവ്വാഴ്ച മണിപ്പൂർ ഗവർണർ അനുസൂയ യൂകെയെ കണ്ടു. കോഡിനേറ്റിങ് കമ്മിറ്റി ഫോർ മണിപ്പൂർ ഇൻറഗ്രിറ്റി (COCOMI) യുടെയും യുണൈറ്റഡ് നാഗാ കൗൺസിലിൻറെയും (UNC) നേതാക്കൾ സംയുക്തമായാണ് ഗവർണറെ കണ്ടതെന്ന് രാജ്ഭവൻ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
1951ലെ പൗരത്വ രജിസ്റ്റർ അടിസ്ഥാനമാക്കി എൻ.ആർ.സി നടപ്പാക്കണമെന്നാണ് കൊകോമി കോർഡിനേറ്റർ തോക്‌ചോം സോമോറെൻഡ്രോ, യു.എൻ.സി പ്രസിഡൻറ് എൻ.ജി. ലോറാ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. മണിപ്പൂരിലെ മെയ്തേയ് സമുദായത്തിന്റെ പരമോന്നത സംഘടനയാണ് കൊകോമി. സംസ്ഥാനത്തെ നാഗകളുടെ പ്രമുഖ സംഘടനയാണ് യു.എൻ.സി. സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഇവർക്ക് ഉറപ്പ് നൽകിയതായും സമയത്തിന്റെ പ്രശ്നം മാത്രമാണുള്ളതെന്നും രാജ്ഭവൻ അധികൃതർ പറഞ്ഞു.
Representatives from COCOMI and UNC, led by Thokchom Somorendro and NG. Lorho, met Governor Miss @AnusuiyaUikey at Raj Bhavan, Imphal. pic.twitter.com/tKMuLm1Rpg
— RAJ BHAVAN MANIPUR (@RajBhavManipur) July 2, 2024
അനധികൃത കുടിയേറ്റം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകർക്കുമെന്നും അവരുടെ വരവ് തടയാൻ മണിപ്പൂരിൽ എൻആർസി നടപ്പാക്കുന്നത് അത്യന്താപേക്ഷിതമാണെന്നും ഇരുസംഘടനകളും ഗവർണറെ അറിയിച്ചു. "അനധികൃത കുടിയേറ്റക്കാർ ഇതിനകം തന്നെ സംസ്ഥാനത്തെ തദ്ദേശീയ ജനതക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവർ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്’ -നിവേദനത്തിൽ പറയുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും ഇനിമുതൽ സംസ്ഥാനത്ത് കൂടുതൽ നുഴഞ്ഞുകയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനും ശാസ്ത്രീയമായ തിരിച്ചറിയൽ രീതി ഉപയോഗിച്ച് എൻ.ആർ.സി എത്രയും വേഗം നടപ്പാക്കണം. ചില ജില്ലകളിലെ അസാധാരണമായ രീതിയിൽ പുതിയ ഗ്രാമങ്ങൾ രൂപപ്പെടുന്നത് പരിശോധിച്ച് തിരുത്തൽ നടപടികൾ കൈക്കൊള്ളണം -നിവേദനത്തിൽ ആവശ്യപ്പെട്ടു.
അടുത്തിടെ ഡൽഹി സന്ദർശന വേളയിൽ രാഷ്ട്രപതി, കേന്ദ്ര ധനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുമായി വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് ഗവർണർ പറഞ്ഞു. ‘സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്രസർക്കാരിന് അറിയാം. മണിപ്പൂരിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി” -രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു.
മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കാരണം സംസ്ഥാനത്ത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഇത് രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തെ തദ്ദേശീയ ജനതക്കും ഭീഷണിയാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആവർത്തിച്ച് ആരോപിച്ചിരുന്നു. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് മൂലം കഴിഞ്ഞ 18 വർഷത്തിനിടെ സംസ്ഥാനത്ത് 996 പുതിയ ഗ്രാമങ്ങൾ രൂപപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പോപ്പി തോട്ടങ്ങൾ നടത്തുന്നതിനും ഈ അനധികൃത കുടിയേറ്റക്കാർ വൻതോതിൽ വനനശീകരണം നടത്തുകയാണ്. തദ്ദേശവാസികളുടെ വിഭവങ്ങൾ, തൊഴിലവസരങ്ങൾ, ഭൂമി എന്നിവ കുടിയേറ്റക്കാർ കൈയേറുന്നുണ്ട് -മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.