മണിപ്പൂരിൽ പ്രക്ഷോഭകരും സൈന്യവും ഏറ്റുമുട്ടി; വനിത മന്ത്രിയുടെ വീടിന് തീയിട്ടു
text_fieldsഇംഫാൽ: കർഫ്യൂ തുടരുന്നതിനിടെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വ്യാഴാഴ്ച പ്രക്ഷോഭകർ സൈന്യവുമായി ഏറ്റുമുട്ടി. പ്രക്ഷോഭകർ രണ്ടു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്കുണ്ട്. സംഘർഷം പൊട്ടിപ്പുറപ്പെട്ട ഇംഫാലിലെ ന്യൂ ചെകോണിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ദ്രുതകർമ സേനയുടേയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ സംഘർഷ മേഖലകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മണിപ്പൂരിലെ ഏക വനിത മന്ത്രി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള നെംച കിപ്ഗന്റെ ഔദ്യോഗിക വസതിക്ക് ആക്രമികൾ തീയിട്ടു. സംഭവസമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
ബുധനാഴ്ച പുലർച്ചെ കുകി വംശജർ താമസിക്കുന്ന ഖമെൻലോക് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂർ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
നിയന്ത്രണം സൈന്യം ഏറ്റെടുക്കാൻ സുപ്രീംകോടതിയിൽ ഹരജി
ന്യൂഡൽഹി: കൊലയും അക്രമങ്ങളും ശമിക്കാത്ത മണിപ്പൂരിന്റെ മുഴുവൻ നിയന്ത്രണവും ഇന്ത്യൻ സൈന്യം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സുപ്രീംകോടതിയിൽ. കുകികളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള വർഗീയ അജണ്ടയിൽ വ്യാപൃതരായ മണിപ്പൂർ മുഖ്യമന്ത്രിയുടെയും കേന്ദ്രസർക്കാറിന്റെയും പൊള്ളയായ വാഗ്ദാനങ്ങൾ സുപ്രീംകോടതി മുഖവിലക്കെടുക്കരുതെന്ന് ഇതിനായി സമർപ്പിച്ച ഇടക്കാല അപേക്ഷയിൽ ഫോറം ബോധിപ്പിച്ചു.കുകി വംശജരെ വംശീയ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാറിനെയും പൊലീസിനെയും വിശ്വാസമില്ലാത്തതിനാൽ ഗോത്ര വിഭാഗത്തിന് ഇന്ത്യൻ സൈന്യം സംരക്ഷണം നൽകണമെന്നുമാണ് ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയ ഉറപ്പുകൾ വെറുതെയായെന്നും ഹരജിയിലുണ്ട്. കേന്ദ്രത്തിലെയും മണിപ്പൂരിലെയും ഉന്നത രാഷ്ട്രീയ നേതാക്കൾ മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കാളികളാണെന്നും ഹരജിയിൽ ആരോപിച്ചു.
മണിപ്പൂർ തീവ്രവാദികളുമായി ബന്ധം; അസം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ
ഗുവാഹതി: മണിപ്പൂരിലെ കുക്കി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, സി.പി.എം, എ.ജെ.പി, ടി.എം.സി അടക്കമുള്ള എട്ട് പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നാലു ദിവസം മുമ്പ് കുക്കി തീവ്രവാദി നേതാക്കളുമായി രഹസ്യമായി ചർച്ച നടത്തിയ ശർമക്കെതിരെ ദേശസുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പാർട്ടികൾ കുത്തിയിരിപ്പ് സമരം നടത്തി. കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ സമാന ചിന്താഗതിക്കാരായ 12 പാർട്ടി നേതാക്കൾ ഡൽഹിയിൽ പോയി രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെടുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നിരാഹാര സമരം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.