ആൾകൂട്ട ആക്രമണം നോക്കി നിന്ന നാല് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsഗുവാഹത്തി: വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരിൽ മുസ് ലിം യുവാവിനെ ആൾക്കൂട്ടം തല്ലികൊന്ന സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച അക്രമത്തിന്‍റെ ദൃശ്യങ്ങളിൽ പൊലീസുകാർ സംഭവം നോക്കിനിൽക്കുന്നത് വ്യക്തമായിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് നടപടി.
മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ 26കാരനായ ഫാറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറിൽ വരികയായിരുന്ന ഫാറുഖിനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ കാറും അക്രമികൾ തകർത്തു. ഫാറുഖിനൊപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. ലിലോങ് ജില്ലയിൽ എം.ബി.എ വിദ്യാർഥിയാണ് ഫാറൂഖ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം പിന്നീട് പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയുമുണ്ടായി. മുപ്പത് പേരടങ്ങുന്ന സംഘമാണ് ഫാറൂഖ് ഖാനെ ആക്രമിച്ചത്. ആൾക്കൂട്ട കൊലയിൽ മണിപ്പൂർ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ഡി.ജി.പിയോട് ഇതുസംബന്ധിച്ച് സെപ്റ്റംബർ 22നകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിൽ അടുത്തിടെയായി ആൾക്കൂട്ട കൊലകൾ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നവർ എന്നാരോപിച്ച് രണ്ട് പേർ മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.