Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ മൂന്ന്...

മണിപ്പൂരിൽ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; 20 വീടുകൾ ചുട്ടെരിച്ചു

text_fields
bookmark_border
മണിപ്പൂരിൽ മൂന്ന് കുട്ടികളുടെ മാതാവിനെ   ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; 20 വീടുകൾ ചുട്ടെരിച്ചു
cancel

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടെരിക്കുകയും 20 തോളം വീടുകൾ കത്തിക്കുകയും ചെയ്തു. ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപികയാണ് 31 കാരിയായ ഇര. ഭർത്താവും പ്രായപൂർത്തിയാകാത്ത മകനും രണ്ട് പെൺമക്കളുമുണ്ട്. വ്യാഴാഴ്ച രാത്രി യുവതിയെ സായുധരായ മെയ്തി തീവ്രവാദികൾ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ജിരിബാം പൊലീസ് മേധാവിക്ക് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

‘മെയ്തികൾ ഞങ്ങളുടെ വാതിൽ തകർത്തു. വീട് കത്തിക്കുന്നതിന് മുമ്പ് ഞങ്ങളോട് പോകാൻ പറഞ്ഞു. അവരിൽ ചിലർ ഞങ്ങളെ എല്ലാവരെയും കൊല്ലണം എന്ന് ആക്രോശിച്ചു. ഒടുവിൽ പ്രായമായ മാതാപിതാക്കളോടും കുട്ടികളോടും ഒപ്പം പോകാൻ എന്നെ അനുവദിച്ചു. എന്നാൽ ഭാര്യയെ കൊണ്ടുപോകാൻ അവർ അനുവദിച്ചില്ല- യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച് അംഗീകൃത ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐ.ടി.എൽ.എഫ്) പ്രസ്താവനയിൽ പറയുന്നു. യുവതിയു​ടെ കത്തിക്കരിഞ്ഞ മൃതദേഹം രാവിലെ വീട്ടിനുള്ളിൽനിന്ന് കണ്ടെടുത്തുവെന്നും അവർ പറഞ്ഞു. ക്രൂരമായ ആക്രമണത്തെ തുടർന്നാണ് ഇരക്ക് ജീവൻ നഷ്ടപ്പെട്ടത്. യുവതിയുടെ കാലിൽ വെടിയുതിർക്കുകയും പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും ഐ.ടി.എൽ.എഫ് പറഞ്ഞു.

മെയ്തേയ് തോക്കുധാരികൾ ആദിവാസി ഗ്രാമത്തിൽ പ്രവേശിച്ച് ഗ്രാമവാസികൾക്കുനേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും തുടർന്ന് വീടുകൾ കത്തിക്കുകയും ചെയ്തുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. മിക്ക ഗ്രാമവാസികളും അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ 31കാരിയായ ഒരു സ്ത്രീയെ അവർ പിടികൂടി. മൂന്ന് കുട്ടികളുടെ അമ്മയായ അവർക്ക് വെടിവെപ്പ് ആരംഭിച്ചപ്പോൾ തുടയിൽ വെടിയേറ്റിരുന്നു.

‘ഒരു സ്ത്രീ തീപിടുത്തത്തിൽ മരിച്ചു. അവളുടെ കരിഞ്ഞ ശരീരം കുടുംബത്തി​​ന്‍റെ പക്കലുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസമിലെ സിൽചറിലേക്ക് അയക്കാൻ ശ്രമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണെ’ന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാഹചര്യങ്ങൾ വളരെ സംഘർഷഭരിതമായതിനാൽ അവർ എങ്ങനെയാണ് കത്തിക്കരിഞ്ഞതെന്നും തീപിടുത്തത്തിൽ എത്ര വീടുകൾ നശിച്ചെന്നും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 20 വീടുകൾ കത്തിച്ചതായി ഗ്രാമത്തിൽ വിന്യസിച്ചിരിക്കുന്ന സി.ആർ.പി.എഫുകാർ അറിയിച്ചതായാണ് വിവരം.

ജില്ലയിലെ ഗോത്ര വിഭാഗങ്ങളായ മെയ്തേയിയും ഹ്‌മറും തമ്മിൽ സമാധാന ചർച്ചകൾ ആരംഭിക്കാൻ പൊലീസ് സൂപ്രണ്ട് ശ്രമിക്കുന്നതിന് തൊട്ടുമുമ്പാണ് തീവെപ്പ് നടന്നത്. ക്രമസമാധാനപാലനത്തിനായി സി.ആർ.പി.എഫ്, അസം റൈഫിൾസ് പൊലീസ് എന്നിവരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികൾ സംഘർഷഭരിതമാണ് - ഒരു ഓഫിസർ പറഞ്ഞു.

ഹ്‌മർ, കുക്കീസ്, സോമിസ് എന്നിവർ ഒരേ ‘സോ’ വംശത്തിൽ പെട്ടവരാണ്. ഒക്‌ടോബർ 19ന് സായുധരായ കുക്കി-സോ-ഹ്മർ ഗ്രൂപും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സംഘം ബോഡോബെക്ര പൊലീസ് സ്‌റ്റേഷനിൽ മുന്നറിയിപ്പ് ആക്രമണം നടത്തി. ജിരിബാം പട്ടണത്തിനടുത്തുള്ള ഒരു ഹ്മർ കുടുംബത്തെ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു ഇത്.

മെയ്‌തികളും കുക്കി-സോസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനത്തിൽ മരിച്ചവരുടെ എണ്ണം 238 ആയി ഉയർന്നു. കൂടാതെ പ്രക്ഷോഭം ആരംഭിച്ച കഴിഞ്ഞ വർഷം മെയ് 3 മുതൽ കുറഞ്ഞത് 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ജിരിബാം, ഫെർസാൾ ജില്ലകളിൽ പ്രവർത്തിക്കുന്ന കുക്കി-സോ സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ‘ഇൻഡിജിനസ് ട്രൈബ്സ് അഡ്വക്കസി കമ്മിറ്റി’ അക്രമത്തെയും സ്ത്രീയുടെ കൊലയെയും അപലപിക്കുകയും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മണിപ്പൂരിലെ സംസ്ഥാന സേനയും പൊലീസും ഉൾപ്പെടെയുള്ള മണിപ്പൂർ സംസ്ഥാന സർക്കാർ സംവിധാനത്തിൽ വിശ്വാസമില്ലെന്നും അതിനാൽ മണിപ്പൂരിലെ ജിരിബാം ജില്ലയിലെയും ഫെർസാൾ ജില്ലയിലെയും നിരപരാധികളായ കുക്കി-സോമി-ഹ്മർ ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ഐ.ടി.എസി ആവർത്തിച്ചു. 2017 മുതൽ മണിപ്പൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാറാണുള്ളത്.


പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

അക്രമം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മണിപ്പൂരിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറയട്ടെ. ബി.ജെ.പി മണിപ്പൂർ കത്തിച്ചു. നാളിതുവരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. മണിപ്പൂർ എന്നൊരു സംസ്ഥാനം ഇല്ലെന്ന് അവർ അംഗീകരിച്ചു എന്നർത്ഥം. സമൂഹത്തെ വിഭജിക്കുക എന്ന ബി.ജെ.പിയുടെ ആശയങ്ങൾ കാരണം സംസ്ഥാനം കത്തിക്കരിഞ്ഞു. അവർ പോകുന്നിടത്തെല്ലാം സമുദായങ്ങളും ഗ്രൂപ്പുകളും തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ‘ഭാരത് ജോഡോ യാത്ര’ നടത്തിയത് - ജാർഖണ്ഡിലെ സിംഡേഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b.j.pManipur IssueJiribam
News Summary - Manipur: Mother of three raped and burnt alive in Jiribam district
Next Story