‘നീതി വേണം മണിപ്പൂരിന്’, ലോക്സഭയിൽ പ്രകമ്പനമായി മുദ്രാവാക്യം; മണിപ്പൂർ എം.പിമാരുടെ സത്യപ്രതിജ്ഞക്ക് ആദരവിന്റെ അകമ്പടി
text_fieldsന്യൂഡൽഹി: മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിമുഖത കാട്ടിക്കൊണ്ടിരുന്ന പഴയ ലോക്സഭ മാറിമറിഞ്ഞപ്പോൾ ഇന്ന് സഭയിൽ ഉയർന്നുകേട്ടത് ‘മണിപ്പൂർ’ എന്ന ശബ്ദം. മണിപ്പൂരിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ പ്രഫ. അൻഗോംച ബിമോൽ അകോയിസാമും ആൽഫ്രഡ് കൻഗാമും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ‘ജസ്റ്റിസ് ഫോർ മണിപ്പൂർ (മണിപ്പൂരിന് നീതി വേണം) വിളികളാൽ സഭ മുഖരിതമായത്. ഇൻഡ്യ മുന്നണി അംഗങ്ങളാണ് അത്യുച്ചത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യവുമായെത്തിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ എഴുന്നേറ്റുനിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.
പ്രഫ. അൻഗോംച ബിമോൽ മണിപ്പൂരിലെ മീതേയ് ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആലപ്പുഴ എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ സമ്മാനിച്ച ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രഫ. ബിമോലിന്റെ സത്യപ്രതിജ്ഞ. നിറഞ്ഞ കരഘോഷത്തിനൊപ്പം ‘മണിപ്പൂർ..മണിപ്പൂർ’ വിളികളോടെയാണ് ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയശ്രീലാളിതനായെത്തിയ ബിമോലിനെ സത്യപ്രതിജ്ഞാ വേളയിൽ ഇൻഡ്യ മുന്നണി അംഗങ്ങൾ സ്വാഗതം ചെയ്തത്.
പ്രഫ. ബിമോലിന് പിന്നാലെയാണ് ആൽഫ്രഡ് എത്തിയത്. ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തെയാണ് ആൽഫ്രഡ് പ്രതിനിധാനം ചെയ്യുന്നത്. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. നൂറുകണക്കിനാളുകൾക്ക് ജീവഹാനി സംഭവിച്ച മണിപ്പൂർ കലാപത്തിന്റെ ഇരകളായി ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നും ദുരിതം പേറുന്നത്. എന്നാൽ, കലാപം കത്തിപ്പടർന്നിട്ടും കഴിഞ്ഞ തവണ അധികാരത്തിലിരുന്ന നാളുകളിലൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാൻ തയാറാകാതിരുന്നത് ഏറെ വിവാദമുയർത്തിയിരുന്നു. ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്തെ രണ്ടു സീറ്റിലും കോൺഗ്രസ് ഗംഭീര വിജയം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.