മണിപ്പൂരിൽ വിശദീകരണമില്ല ഒഴിഞ്ഞുമാറി സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയെ നാണം കെടുത്തിയ മണിപ്പൂരിലെ ക്രൂരസംഭവങ്ങളിൽ വിശദീകരണങ്ങൾക്ക് തയാറല്ലാതെ ഒഴിഞ്ഞുമാറി സർക്കാർ. പാർലമെന്റിനോടുള്ള ഉത്തരവാദിത്തം അവഗണിക്കുന്ന കുറ്റകരമായ നിസ്സംഗതക്കെതിരായ പ്രതിപക്ഷ രോഷത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇരുസഭകളും സ്തംഭിച്ചു.
രണ്ടര മാസമായി തുടരുന്ന മണിപ്പൂർ കലാപത്തെക്കുറിച്ച് വിശദ ചർച്ചക്ക് സർക്കാർ തയാറല്ല. ചർച്ചയാകാമെന്ന് സർക്കാർ വെള്ളിയാഴ്ചയും ആവർത്തിച്ചു. എന്നാൽ, ഒഴുക്കൻ മട്ടിലൊരു ഹ്രസ്വ ചർച്ചക്കാണ് സന്നദ്ധത പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ചർച്ച തുടങ്ങുകയും സംശയങ്ങൾക്ക് വിശദീകരണം തേടാൻ അംഗങ്ങൾക്ക് അവസരം നൽകുകയും ചെയ്യുന്ന വിധത്തിൽ ചർച്ചവേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതിന് സർക്കാർ വഴങ്ങിയില്ല. പ്രധാനമന്ത്രിയല്ല, ആഭ്യന്തര മന്ത്രി ഹ്രസ്വ ചർച്ചക്ക് മറുപടി പറയുമെന്നാണ് നിലപാട്.
ഇങ്ങനെ ഒഴിഞ്ഞുമാറാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കലാപം ഇനിയും നിയന്ത്രിക്കാൻ കഴിയാതെ മണിപ്പൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. ക്രമസമാധന തകർച്ചക്ക് കേന്ദ്രമോ സംസ്ഥാനമോ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. സ്ത്രീകളുടെ സുരക്ഷയും മാനവും ആക്രമിക്കൂട്ടം തെരുവിൽ വലിച്ചിഴച്ചതടക്കം മണിപ്പൂർ യുദ്ധക്കളമായി മാറിയിട്ടും ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രം തയാറല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
‘ഇൻഡ്യ’യുടെ നേതൃത്വത്തിൽ പ്രതിപക്ഷ സർവകക്ഷി സംഘം മണിപ്പൂർ സന്ദർശിക്കാൻ ഒരുക്കം നടത്തുന്നുണ്ട്. സ്ഥിതി വിലയിരുത്താനും മണിപ്പൂർ ജനതക്ക് സാന്ത്വന സന്ദേശം നൽകാനും സർവകക്ഷി സംഘത്തെ അയക്കണമെന്ന ആവശ്യത്തോട് നേരത്തെ സർക്കാർ മുഖം തിരിക്കുകയാണ് ഉണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന സർവകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായ വിശദീകരണങ്ങളൊന്നും നൽകിയതുമില്ല. അധികൃതർ വിവരങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് വ്യക്തമാക്കുന്നതാണ്, രണ്ടര മാസത്തിനു ശേഷം കഴിഞ്ഞ ദിവസം പുറത്തുവന്ന നടുക്കുന്ന വിഡിയോ. ഈ സാഹചര്യത്തിലാണ് യാത്ര പരിപാടി.
വിഡിയോ മുൻനിർത്തിമാത്രം പാർലമെന്റിനു പുറത്ത് ഒഴുക്കൻ മട്ടിൽ സംസാരിച്ചതല്ലാതെ, പ്രധാനമന്ത്രി പാർലമെന്റിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മണിപ്പൂർ ജനതയോടും പാർലമെന്റിനോടും പ്രധാനമന്ത്രിക്കുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം. മുന്നോട്ടുള്ള വഴി എന്താണെന്ന കാര്യത്തിൽ രാജ്യത്തെത്തന്നെ ഇരുട്ടിൽ നിർത്തുകയാണ് പ്രധാനമന്ത്രി. അതുകൊണ്ട് വ്യവസ്ഥാപിതമായ ചർച്ച അനുവദിക്കുന്നതുവരെ പാർലമെന്റിൽ പ്രതിഷേധം തുടരാനാണ് സംയുക്ത പ്രതിപക്ഷ തീരുമാനം. കുക്കി സ്ത്രീകളുടെ തുണിയുരിച്ച് നടുറോഡിൽ നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിന്റെ വിഡിയോ പുറത്തുവന്നതോടെ കലാപം വീണ്ടും രൂക്ഷമാവുന്നുവെന്ന വിവരങ്ങളാണ് ഇതിനിടെ, മണിപ്പൂരിൽനിന്ന് വരുന്നത്. സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ വീടിന് സ്ത്രീകൾ അടങ്ങുന്ന സംഘം തീയിട്ടു. അന്താരാഷ്ട്ര-ആഭ്യന്തര തലത്തിൽ മുഖം തകർന്നുനിൽക്കുകയാണ് സർക്കാർ. ജി-20 ഉച്ചകോടി അടുത്തുവരുന്നു, മറ്റു രാജ്യങ്ങളുടെ വിമർശനം, സ്ത്രീ രോഷം തുടങ്ങി സർക്കാറിനെ അലട്ടുന്ന പ്രശ്നങ്ങൾ നിരവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.