കവർന്ന ആയുധങ്ങൾ ഇവിടെ നിക്ഷേപിക്കൂ! മണിപ്പൂരിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ച് പൊലീസ്
text_fieldsഇംഫാൽ: മണിപ്പൂരിൽ ആക്രമകാരികൾ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കവർന്ന ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കാൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ച് പൊലീസ്. മലയോര, താഴ്‌വാര ജില്ലകളിലുള്ള പൊലീസ് സ്റ്റേഷനുകളെല്ലാം കൊള്ളയടിക്കപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
ആയുധങ്ങളും വെടിയുണ്ടകളും തിരിച്ചുപിടിക്കാനുള്ള പരിശോധന പൊലീസ് തുടരുകയാണ്. റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഡ്രോപ് ബോക്സ് വഴിയും ഒട്ടേറെ തോക്കുകൾ തിരികെ ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ താഴ്‌വാര ജില്ലകളിൽനിന്ന് ഇതിനകം 1057 തോക്കുകളും 14,201 വെടിയുണ്ടകളും കണ്ടെടുത്തു. മലയോര ജില്ലകളിൽനിന്ന് 138 തോക്കുകളും 121 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
കലാപത്തിന്റെ ആദ്യദിനം 4000 യന്ത്രത്തോക്കുകളും അഞ്ചു ലക്ഷത്തിലധികം വെടിയുണ്ടകളും പൊലീസ് ട്രെയ്നിങ് കോളജിന്റെ ആയുധപ്പുരയിൽനിന്നു കവർന്നിരുന്നു. ഇതിനിടെ ലിലോങ് ചാജിങ്ങിലെ ടൂപോക്പി പൊലീസ് ഔട്ട്‌പോസ്റ്റിൽനിന്ന് ആയുധങ്ങൾ കവരാനുള്ള ശ്രമം പൊലീസ് പരായപ്പെടുത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്. ശനിയാഴ്ച അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ക്വാക്ടയിൽ മെയ്തേയി കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി വിഭാഗത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. ചുരുചാന്ദ്പൂർ ജില്ലയിലാണ് കൊലപാതകം നടന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂർ കലാപത്തിൽ ഇതുവരെ 160 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ ശിപാർശ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. കലാപമുണ്ടായതിന് ശേഷം ഇതുവരെ നിയമസഭ സമ്മേളനം നടന്നിട്ടില്ല.
കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.