‘റോഡിലൂടെ നഗ്നരാക്കി നടത്തുമ്പോൾ പൊലീസ് നോക്കിനിന്നു, സഹായിക്കാനെത്തിയില്ല’ -മണിപ്പൂരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരകളായ സ്ത്രീകൾ
text_fieldsഇംഫാൽ: റോഡിലൂടെ നഗ്നരാക്കി നടത്തുന്ന സമയത്ത് പൊലീസുകാർ സമീപത്തുണ്ടായിരുന്നെന്നും സഹായിക്കാനെത്തിയില്ലെന്നും മണിപ്പൂരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരകളായ സ്ത്രീകൾ. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ രോഷം ഉയർന്നതോടെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. മേയ് നാലിന് മണിപ്പൂരിലെ കാങ്‌പോപ്പിയിലാണ് അതിദാരുണമായ സംഭവം നടന്നത്.
നഗ്നരായ രണ്ടു കുക്കി വിഭാഗം സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കൊണ്ടുപോകുന്നതാണ് വിഡിയോ. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയത്. മേയ് 18നു തന്നെ യുവതികൾ പരാതി നൽകിയിരുന്നു. പരാതിയിൽ ഇളയ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. നാല് പൊലീസുകാർ കാറിൽ ഇരുന്നു അക്രമം നോക്കിനിൽക്കുന്നത് താൻ കണ്ടതായി രക്ഷപ്പെട്ട പെൺകുട്ടി പറയുന്നു. 'ഞങ്ങളെ സഹായിക്കാൻ അവർ ഒന്നും ചെയ്തില്ല' -അവൾ പറഞ്ഞു. അവരുടെ പിതാവും സഹോദരനും ഈ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കാങ്‌പോപ്പിയിലെ കുക്കി ഗ്രാമത്തിലേക്ക് ആയുധങ്ങളും വടികളുമായി മെയ്തേയ് ആക്രമകാരികൾ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പലരും ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ, ഈ രണ്ട് സ്ത്രീകളും അവരുടെ കുടുംബവും ഇവരുടെ കൈയിലകപ്പെട്ടു. ‘ആക്രമികളുടെ കൈയിലകപ്പെട്ട രണ്ടാമത്തെ സ്ത്രീയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്... പക്ഷേ ആക്രമികൾ ഒന്നും ചിന്തിക്കുന്നുണ്ടായിരുന്നില്ല. അവർ ഞങ്ങളെ ഒരു കുറ്റിച്ചെടിയുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി. മൂന്ന് പേർ എന്നെ പിടിച്ചു, ഒരാൾ വിളിച്ചു പറഞ്ഞു, "പീഡിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദയവായി വരൂ"’ -ഇരകളിലൊരാൾ പറയുന്നു. ചിലർ ഞങ്ങളോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളെ രക്ഷിക്കണമെന്ന് ആഗ്രഹമുള്ള ചിലരും അവിടെയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ സുപ്രീംകോടതി വിഷയത്തിൽ ഇടപ്പെട്ടിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. മണിപ്പൂരിൽ ഇത് സർക്കാർ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.