മണിപ്പൂർ കലാപം: ആ രാത്രിയുടെ നടുക്കുന്ന ഓർമയിൽ...
text_fieldsകൊൽക്കത്ത: ആയുധങ്ങളുമായി ആക്രോശിച്ച് പാഞ്ഞടുക്കുന്ന ആൾക്കൂട്ടം, വീടിനുമേൽ തുരുതുരാ വീഴുന്ന കല്ലുകൾ, ചുറ്റും കത്തിയെരിയുന്ന ഭവനങ്ങൾ... മേയ് മൂന്നിന് അഭിശപ്തമായ ആ രാത്രിയിലെ സംഭവങ്ങൾ ഓർത്തെടുക്കുമ്പോൾ ഡോ. കാംഖെൻതാങ്ങിന്റെ ഓർമകളിലെ നടുക്കം മായുന്നില്ല.
ജർമനിയിൽ നാസികൾ ജൂതന്മാർക്കുനേരെ നടത്തിയതിന് സമാനമായ സംഭവങ്ങളാണ് അന്നുണ്ടായതെന്ന് സ്വതന്ത്ര പത്രപ്രവർത്തകയായ ഹൊയ്നു ഹൗസലും പറയുന്നു. ഗോത്രവർഗക്കാരും മെയ്തേയി വിഭാഗക്കാരും ഇടകലർന്ന് ജീവിക്കുന്ന ഇംഫാലിലെ പെയ്റ്റി വെങ്ങിലാണ് ഇരുവരും താമസിച്ചിരുന്നത്.
ആക്രമിക്കൂട്ടമെത്തുമ്പോൾ ബംഗ്ലാവിലെ ലൈബ്രറിയിൽ പഠനത്തിലായിരുന്നു ഡോ. കാംഖെൻതാങ്. വീടുകൾ ഉപേക്ഷിച്ച് ഉടൻ പുറത്തിറങ്ങണമെന്ന ആക്രോശവുമായാണ് ജനക്കൂട്ടമെത്തിയത്. വീടുകൾക്കുനേരെ കല്ലേറുമുണ്ടായി. ഒടുവിൽ എങ്ങനെയൊക്കെയോ പുറത്തെത്തി രക്ഷപ്പെട്ടു. ആക്രമികളിൽനിന്ന് രക്ഷതേടി മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഫോണിൽ വിളിച്ചിരുന്നതായി ഹൊയ്നു ഹൗസൽ പറഞ്ഞു. എല്ലാവരും സഹായിക്കാമെന്നും സൈന്യത്തെ അയക്കാമെന്നും ഉറപ്പുനൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
മൂന്നുമണിക്കൂറോളം ആക്രമികൾ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. വയോധികനായ പിതാവിനെയും കുടുംബാംഗങ്ങളെയും ഏണിവെച്ചാണ് അയൽവാസിയുടെ വീട്ടിലേക്ക് മാറ്റിയത്. തൊട്ടടുത്ത മറ്റൊരു വീട്ടുകാർ രാത്രിഭക്ഷണം കഴിഞ്ഞ് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് വീടിന് എതിർവശത്തെ ക്രിസ്ത്യൻ പള്ളിക്ക് തീയിട്ടതുകണ്ടത്.
അടുത്തത് തങ്ങളുടെ വീടായിരിക്കുമെന്ന് മനസ്സിലാക്കി കൈയിൽ കിട്ടിയ സാധനങ്ങളുമെടുത്ത് ഉടൻ രക്ഷപ്പെട്ടോടി. ഇതിനിടെ ചിലരുടെ ബാഗുകൾ തട്ടിപ്പറിച്ചു. ചിലരെ മർദിച്ച് അവശരാക്കി. കാറുകൾ മറിച്ചിട്ടശേഷം വീടുകൾക്ക് തീയിട്ടു. രക്ഷപ്പെട്ടവർ അടുത്തുള്ള ഹോട്ടലിലാണ് അഭയംതേടിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും നോക്കിനിൽക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
40ഓളം വീടുകളാണ് ആ രാത്രി അഗ്നിക്കിരയാക്കിയത്. അക്രമത്തെ തുടർന്ന് മണിപ്പൂർ വിട്ട ഇവിടുത്തെ താമസക്കാരെല്ലാം അയൽസംസ്ഥാനങ്ങളിലേക്കും ഡൽഹിയിലേക്കും പോയി. ഉടനെയൊരു തിരിച്ചുവരവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.