മണിപ്പൂർ കലാപം: ഹ്രസ്വ ചർച്ച നോട്ടീസുകൾ പിൻവലിച്ച് ‘ഇൻഡ്യ’
text_fieldsന്യൂഡൽഹി: അപൂർവ നടപടിയിൽ ‘ഇൻഡ്യ’ സഖ്യത്തിലെ എം.പിമാർ മണിപ്പൂർ കലാപത്തിന്മേൽ രാജ്യസഭാ ചട്ടം 176 പ്രകാരം ഹ്രസ്വ ചർച്ചക്കായി നൽകിയ നോട്ടീസുകൾ ഒന്നടങ്കം പിൻവലിച്ചു. രാജ്യസഭാ ചട്ടം 267 പ്രകാരം എല്ലാ നടപടികളും നിർത്തിവെച്ച് മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിക്കുന്ന ‘ഇൻഡ്യ’ സഖ്യത്തിനെതിരെ പ്രതിപക്ഷ എം.പിമാർ തന്നെ നൽകിയ ഹ്രസ്വ ചർച്ചാ നോട്ടീസ് ബി.ജെ.പി ആയുധമാക്കിയതോടെയാണ് ഈ നടപടി. കേരളത്തിലെ സി.പി.എം എം.പിമാരായ ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവർ അടക്കം നോട്ടീസ് പിൻവലിച്ച വിവരം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സഭയിൽ വായിച്ചു.
മണിപ്പൂർ കലാപം സുപ്രീംകോടതി വിശദമായ വാദത്തിനെടുത്തതോടെ പ്രതിരോധം ദുർബലത്തിലായ കേന്ദ്ര സർക്കാർ രാജ്യസഭയിൽ ചട്ടം 176 പ്രകാരം പേരിനൊരു ഹ്രസ്വ ചർച്ച നടത്താൻ തിങ്കളാഴ്ച നീക്കം നടത്തിയിരുന്നു. ചട്ടം 267 പ്രകാരം മറ്റു നടപടികളെല്ലാം നിർത്തിവെച്ചുള്ള അടിയന്തര ചർച്ചവേണമെന്ന് ആവശ്യപ്പെട്ട് 65 എം.പിമാർ നൽകിയ നോട്ടീസ് തള്ളിയാണ് തിങ്കളാഴ്ച സർക്കാർ ഹ്രസ്വ ചർച്ച നടത്താൻ നോക്കിയത്.
ജൂലൈ 20 തൊട്ട് പലപ്പോഴായി പ്രതിപക്ഷ അംഗങ്ങൾ ചട്ടം 176 പ്രകാരം നൽകിയ നോട്ടീസ് ആയുധമാക്കി അവർകൂടി ആവശ്യപ്പെട്ടത് പ്രകാരമാണ് ഹ്രസ്വ ചർച്ച അനുവദിച്ചതെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാർ നടത്തി. പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയവരുടെ പേരുകൾ ഉൾപ്പെടുത്തി തയാറാക്കിയ ഹ്രസ്വ ചർച്ചക്കുള്ളവരുടെ പട്ടിക രാജ്യസഭയിൽ ചെയർമാൻ വായിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പാർലമെന്റിൽ ചേർന്ന ‘ഇൻഡ്യ’ സഖ്യ യോഗം നോട്ടീസുകൾ പിൻവലിക്കാൻ ധാരണയിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ നിർദേശം എല്ലാ സഖ്യകക്ഷി എം.പിമാർക്കും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.