മണിപ്പൂർ കലാപം: പുനരധിവാസവും സംരക്ഷണവും ഉറപ്പുവരുത്തണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിരയായി പലായനം ചെയ്യേണ്ടിവന്നവരുടെ പുനരധിവാസവും ആരാധനാലയങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നിനും ഭക്ഷണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.കലാപത്തിന് കാരണമായെന്ന ആക്ഷേപത്തിനിടയാക്കിയ മണിപ്പൂർ ഹൈകോടതിയുടെ വിവാദ വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ വേദിയിൽ തുടർ നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പു നൽകി.
പലായനം ചെയ്യേണ്ടിവന്ന മനുഷ്യരെ തിരിച്ചെത്തിക്കാൻ നടപടി എടുക്കുന്നുണ്ടോ എന്ന് ബെഞ്ച് മണിപ്പൂർ സർക്കാറിനോട് ചോദിച്ചു. നടപടി എടുക്കുന്നുണ്ടെന്നും അവരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിടുന്നുണ്ടെന്നും എത്രപേർ ആ ക്യാമ്പുകളിലുണ്ടെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് അന്വേഷിച്ചു പറയാമെന്ന് എസ്.ജി മറുപടി നൽകി. ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തെ കുറിച്ച് പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിലെ മണിപ്പൂർ ട്രൈബൽ ഫോറവും മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗമാക്കാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യാനുള്ള ഹൈകോടതി ഉത്തരവിനെതിരെ ബി.ജെ.പി എം.എൽ.എയും സമർപ്പിച്ച രണ്ട് ഹരജികളാണ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചത്.
52 കമ്പനി കേന്ദ്ര സായുധ പൊലീസിനെയും കരസേനയുടെയും അസം റൈഫിൾസിന്റെയും 105 കോളങ്ങളും വിന്യസിച്ചുവെന്നും അസ്വസ്ഥബാധിത പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ ഉപദേശകനായും മണിപ്പൂർ കേഡറിലുള്ള ഐ.എ.എസ് ഓഫിസറെ ഡെപ്യൂട്ടേഷനിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായും നിയമിച്ചുവെന്നും മേത്ത ബോധിപ്പിച്ചു.
ഈ നടപടികൾമൂലം കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിൽനിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അതിനാൽ കാര്യങ്ങൾ പൂർണമായും ശാന്തമാകുന്നതുവരെ കലാപവുമായും കലാപത്തിന് കാരണമായ മെയ്തേയികളുടെ പട്ടിക വർഗ പദവിയുമായും ബന്ധപ്പെട്ട ഹരജികൾ ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഈ മാസം 17ലേക്ക് മാറ്റി. അതിന് മുമ്പായി കേന്ദ്ര സർക്കാർ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊലയും തീവെയ്പും നടന്നതിന്റെ വിവരങ്ങൾ തങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്ന് മണിപ്പൂർ ട്രൈബൽ ഫോറത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ബോധിപ്പിച്ചു. ചില കുന്നിൻ പ്രദേശങ്ങളിൽനിന്ന് ഗോത്രവർഗക്കാരെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും വീണ്ടും കൊലപാതകങ്ങൾ നടന്നേക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം തുടർന്നു. അത്തരം പ്രദേശങ്ങൾ ഏതാണെന്നും ഗോൺസാൽവസ് ചൂണ്ടിക്കാട്ടി.
എന്നാൽ, വിപരീത ഫലമുണ്ടാക്കുന്ന ഒന്നും ഇപ്പോൾ കോടതിയിൽ പറയരുതെന്ന എസ്.ജിയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി നടപടികൾ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താനുള്ള അവസരമായി മാറരുതെന്ന് കോളിൻ ഗോൺസാൽവസിനോട് പറഞ്ഞു. അതിനാൽ ഹരജിയിലെ വൈകാരികമായ ഭാഗങ്ങൾ കോടതിമുറിയിൽ വായിക്കാതെ അടയാളപ്പെടുത്തി കാണിക്കാനും ബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.