മണിപ്പൂർ: സംഘർഷത്തിന് അയവില്ല; കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് 10 ലക്ഷവും ജോലിയും
text_fieldsഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇംഫാലിൽ എത്തി കൂടിക്കാഴ്ചകൾ തുടരുന്നതിനിടയിലും സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിലായി മരണസംഖ്യ 10 ആയി. ഇതിനിടെ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് 10 ലക്ഷം രൂപ വീതം ആശ്വാസധനം അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിലുള്ള ഒരാൾക്ക് ജോലിയും നൽകും. ആശ്വാസധനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുല്യമായെടുത്താകും നൽകുക. അമിത്ഷാ മുഖ്യമന്ത്രി എൻ. ബിരെൻ സിങ്ങുമായി തിങ്കളാഴ്ച രാത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സംഘർഷം ആളിപ്പടർന്ന ചുരാചാന്ദ്പുരിലെത്തിയ അമിത്ഷാ കുക്കി വിഭാഗം നേതാക്കളെ കണ്ടു. ക്രിസ്തീയ സഭ നേതൃത്വത്തെയും ചില ബുദ്ധിജീവികളെയും അദ്ദേഹം കാണുന്നുണ്ട്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി. വാഹനങ്ങൾക്കുനേരെ കടുത്ത വെടിവെപ്പുണ്ടായതിനാൽ സൈന്യം കുഴിബോംബ് വേധ വാഹനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു. കിഴക്കൻ ഇംഫാലിലും കാക്ചിങ് ജില്ലയിലുമായി ഞായറാഴ്ച ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടുപേർ പൊലീസുകാരാണ്. ഒരാൾ തീവ്രവാദിയാണെന്ന് സംശയിക്കുന്നു.
ഞായറാഴ്ച സൈന്യം നാൽപതോളം കുക്കി വംശജരെ വധിച്ചിരുന്നു. ഇവർ തീവ്രവാദികളായിരുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, സ്വന്തം സ്വത്തുവകകൾക്ക് കാവൽ നിന്ന തങ്ങളുടെ വിഭാഗക്കാരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുക്കി നേതാക്കൾ ആരോപിക്കുന്നത്. ഒരുമാസമായി കലാപത്തിൽ മുങ്ങിയ മണിപ്പൂരിൽ ഇടക്ക് ചെറിയ ആശ്വാസമുണ്ടായെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ച വീണ്ടും സംഘർഷഭരിതമായി.
കലാപകാരികളും സുരക്ഷാസേനയും തമ്മിൽ പലയിടത്തും വെടിവെപ്പുണ്ടായി. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 80 പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. അതിനിടെ, മണിപ്പൂരിൽനിന്ന് അഭയംതേടി എത്തിയവർക്ക് സഹായം നൽകുന്നതിനായി കേന്ദ്രം അഞ്ചുകോടി അനുവദിക്കണമെന്ന് മിസോറം സർക്കാർ ആവശ്യപ്പെട്ടു. മിസോറമിൽ ഇതുവരെ 8,282 പേർ അഭയം തേടിയതായാണ് കണക്ക്.
തിങ്കളാഴ്ച രാത്രി ഇംഫാലിലേക്ക് പുറപ്പെട്ട അമിത്ഷായെ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക എന്നിവരും അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച ‘മെയ് റാ പെയ്ബി’ (വനിത വിളക്കുവാഹകർ) എന്നറിയപ്പെടുന്ന മനുഷ്യാവകാശത്തിനും ഭരണകൂട അതിക്രമങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന വനിത സംഘടനയുടെ നേതാക്കളുമായും ഷാ കൂടിക്കാഴ്ച നടത്തി.
മണിപ്പൂരിലെ വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ എല്ലാം കെട്ടടങ്ങുമെന്ന് സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ പുണെയിൽ പറഞ്ഞു. അവിടത്തെ പ്രശ്നം തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ 53 ശതമാനം വരുന്ന മെയ്തി സമൂഹത്തിന്റെ പട്ടികവർഗ പദവി ആവശ്യത്തിനെതിരെ മേയ് മൂന്നിന് നടന്ന ‘ഗിരിവർഗ ഐക്യദാർഢ്യ മാർച്ചി’നുശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസിനും അർധസൈനിക വിഭാഗങ്ങൾക്കും പുറമെ സൈന്യത്തിൽനിന്നും അസം റൈഫിൾസിൽനിന്നുമുള്ള 10,000ത്തോളം പേരെയും മണിപ്പൂരിൽ പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. അതിനിടെ, സി.ആർ.പി.എഫ് ഇൻസ്പെക്ടർ ജനറൽ രാജീവ് സിങ്ങിനെ മണിപ്പൂരിലേക്ക് നിയോഗിച്ച് കേന്ദ്ര ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.