മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല: അന്വേഷണത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ സൈന്യത്തിനും പൊലീസിനും എതിരായ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ സി.ബി.െഎ പ്രത്യേക സംഘത്തിെൻറ അന്വേഷണത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി. ഇത്തരം 42 കൊലകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചപ്പോഴാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
ഇൗ 42 കേസുകളിൽ 17 എണ്ണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷൻ മൂന്നുപേരെ അനുവദിക്കണമെന്ന് ജസ്റ്റിസുമാരായ എം.ബി. ലോകൂർ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിന് സി.ബി.െഎ ഡയറക്ടറുടെ അംഗീകാരമില്ലെന്നതിലും അതൃപ്തി പ്രകടിപ്പിച്ച കോടതി, ഇത് അടുത്ത തവണ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
വിഷയം കൂടുതൽ വാദം കേൾക്കാൻ മാർച്ച് 12ലേക്ക് മാറ്റി. 1,528 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുകയാണ്.
കഴിഞ്ഞ ജൂലൈയിലാണ് മണിപ്പൂരിലെ നിയമപരമല്ലാത്ത കൊലപാതകങ്ങൾ അന്വേഷിക്കാനായി കോടതി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.