മണിപ്പൂർ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യണം, അക്രമം അവസാനിപ്പിക്കണം -മോഹൻ ഭാഗവത്
text_fieldsനാഗ്പുർ: മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രത്യേക പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്യണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഒരു വർഷമായി മേഖലയിലെ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണെന്നും അക്രമം അവസാനിപ്പിക്കുകയെന്നത് പ്രധാനമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ മണിപ്പുരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ഭാഗവത് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്. കേന്ദ്രത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെയാണ് ഭാഗവതിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
“സമാധാനത്തിനു വേണ്ടിയുള്ള മണിപ്പൂരിന്‍റെ കാത്തിരിപ്പിന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്ത് സമാധാനാന്തരീക്ഷമായിരുന്നു. എന്നാൽ എല്ലാം പെട്ടെന്നാണ് മാറിയത്. വളരെ വേഗത്തിലാണ് അക്രമം പടർന്നുപിടിച്ചത്. പ്രത്യേക പരിഗണനയോടെ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതും അക്രമം അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്” -നാഗ്പുരിൽ നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു.
അതിനിടെ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ വാഹനവ്യൂഹത്തിനു നേരെ തിങ്കളാഴ്ച ആക്രമണം നടന്നു. ജിരിബം മേഖലയിലേക്കുള്ള യാത്രക്കിടെ, കാങ്‌പോക്പി ജില്ലയിൽവച്ച് ആയുധധാരികളുടെ സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു.
ഈ മാസം ആറിന് അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ജിരിബം മേഖലയിൽ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപക അക്രമം അരങ്ങേറി. സര്‍ക്കാര്‍ ഓഫിസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികള്‍ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.