മണിപ്പൂർ: സർവകക്ഷി യോഗം കൊണ്ടുണ്ടായ പ്രയോജനം വട്ടപ്പൂജ്യമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗം കൊണ്ടുണ്ടായ പ്രയോജനം വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തീർത്തും പരാജയമായി മാറിയ ബി.ജെ.പി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന ആവശ്യം തുടർച്ചയായി ഉയർന്നപ്പോഴും ആഭ്യന്തര മന്ത്രി മൗനം പാലിക്കുകയായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിധം സർവകക്ഷി യോഗം വിളിക്കാതിരുന്നതിനെക്കുറിച്ച ചോദ്യങ്ങൾക്കും വിശദീകരണം ഉണ്ടായില്ല.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇംഫാലിലാണ് സർവകക്ഷി യോഗം നടക്കേണ്ടിയിരുന്നതെന്ന് ഒഖ്റം ഇബോബി സിങ് ചൂണ്ടിക്കാട്ടി. പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻ സിങ്ങ് രാജിവെക്കണമെന്ന് മണിപ്പൂരിൽ ബി.ജെ.പി സഖ്യകക്ഷിയായ എം.എൻ.എഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു. സർക്കാർ സമഗ്രമായ ചർച്ചക്ക് തയാറാകണമെന്ന ആവശ്യം സി.പി.എം പ്രതിനിധി ജോൺ ബ്രിട്ടാസ് ഉന്നയിച്ചു.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർലമെന്റ്കാര്യ മന്ത്രി പ്രൾഹാദ് ജോഷി, മേഘാലയ, സിക്കിം, ബി.ജെ.ഡി, എ.ഐ.ഡി.എം.കെ, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി, ശിവസേന, എ.എ.പി പാർട്ടികളെ പ്രതിനിധീകരിച്ച് എം.പിമാരും യോഗത്തിൽ പങ്കെടുത്തു. യോഗം നടന്ന പാർലമെന്റ് അനക്സിലേക്ക് സി.പി.ഐ രാജ്യസഭ എം.പി. സന്തോഷ് കുമാർ എത്തിയെങ്കിലും ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവേശിപ്പിച്ചില്ല. വിഷയത്തിൽ അമിത് ഷാ മറുപടി പറയണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ശനിയാഴ്ച രാവിലെ രാജ്ഘട്ടിൽ ധർണ നടത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.