മണിപ്പൂരിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, ഏഴുപേർക്ക് പരിക്ക്
text_fieldsഇംഫാൽ: നാലുമാസമായി തുടരുന്ന മണിപ്പൂരിലെ വംശീയ കലാപത്തിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഇയാളുടെ കൈവശമുണ്ടായിരുന്ന ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ജില്ലകളിൽ നടത്തിയ തെരച്ചിലിൽ വിവിധ സംഘടനകളിൽപ്പെട്ട നാല് തീവ്രവാദികളെ പിടികൂടിയതായും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ രണ്ടുപേർ എൻഎസ്‌സിഎൻ-ഐഎം, പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പ്രവർത്തകരും, രണ്ടുപേർ കൻഗ്ലീപക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) പ്രവർത്തകരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഷ്ണുപൂർ, തൗബൽ ജില്ലകളിലെ ഓപ്പറേഷനിൽ ഏഴ് തോക്കുകൾ, 25 വെടിക്കോപ്പുകൾ, ഒമ്പത് ബോംബുകൾ എന്നിവയും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.