മണിപ്പൂർ: കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ഡി.ജി.പി നേരിട്ട് ഹാജരാവും
text_fieldsന്യൂഡല്‍ഹി: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മണിപ്പൂർ ഡി.ജി.പി രാജീവ് സിങും ചീഫ് സെക്രട്ടറിയും സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. നേരത്തെ മണിപ്പൂർ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എഫ്.ഐ.ആറുകൾ ആറായി തരം തിരിച്ചു നൽകാനും കോടതി നിർദേശിച്ചിരുന്നു..
അതേസമയം, മണിപ്പൂർ കലാപത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നടത്തിയത്. ഭരണഘടന സംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. കലാപത്തില്‍ എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ വലിയ കാലതാമസം ഉണ്ടായെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ക്രമസമാധാന സംവിധാനങ്ങൾ പൂര്‍ണമായി തകര്‍ന്നതായും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 6532 എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 6523 എഫ്.ഐ.ആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, സ്വത്തുക്കൾ നശിപ്പിക്കല്‍ തുടങ്ങീ കുറ്റകൃത്യങ്ങൾ തരംതിരിച്ച് എഫ്.ഐ.ആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണ് നഗ്നയാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. യഥാർഥത്തിൽ എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡി.ജി.പിയുടെ ചുമതലയാണ്. എന്നാൽ, ഈ സംഭവത്തിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സി.ബി.ഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.