വീണ്ടും ചോര വീണ് മണിപ്പൂർ
text_fieldsഒരിടവേളക്കുശേഷം മണിപ്പൂർ വീണ്ടും കലുഷിതമാവുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയായി തുടരുന്ന സംഘർഷം തിങ്കളാഴ്ച മൂർധന്യത്തിലെത്തി. അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ബൊറോബേക്രയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് 11 കുക്കി വംശജരാണ്. മേഖലയിലെ പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ച കുക്കി സംഘത്തിലുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക ഭാഷ്യം. മുക്കാൽ മണിക്കൂറോളം നീണ്ട വെടിവെപ്പിനുശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്തുനിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച സംഭവിച്ചത്
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആയുധധാരികളായ കുക്കി സംഘം ബോറോബേക്ര പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് തങ്ങൾ നടത്തിയ തിരിച്ചടിയിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി സി.ആർ.പി.എഫ് അറിയിച്ചു. മണിപ്പൂരിലെ മറ്റു പ്രദേശങ്ങളിലും തിങ്കളാഴ്ച കുക്കികളും മെയ്തികളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകന് മെയ്തി ആക്രമണത്തിൽ വെടിയേറ്റതടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊട്ടുതലേനാൾ ബിഷ്ണുപൂർ ജില്ലയിലും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടാവുകയും മെയ്തി വംശജയായ കർഷക സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിൽ
2024 നവംബർ ഏഴ്. രാത്രി ഒമ്പത് മണി സമയം. കഴിഞ്ഞദിവസം ആക്രമണമുണ്ടായ ജിരിബാമിലെ സൈറോൺ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ മെയ്തികളായ ആയുധധാരികൾ കുക്കികളുടെ വീടുകൾ ലക്ഷ്യമാക്കി വെടിയുതിർത്തു. 17 വീടുകളാണ് ആക്രമിക്കപ്പെട്ടത്. അതിലൊരു വീട്ടിലുണ്ടായിരുന്നത് 31 കാരിയും അവരുടെ മൂന്ന് കുട്ടികളുമായിരുന്നു. ആ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ആയുധധാരികൾ അമ്മയുടെ കാലിന് വെടിവെച്ചു. തുടർന്ന്, അവരെ ബലാത്സംഗം ചെയ്തു. അതിനുശേഷം ജീവനോടെ അഗ്നിക്കിരയാക്കി. നൂറിലധികം മെയ്തി തീവ്രവാദികളാണ് ആ സമയം ഗ്രാമം വളഞ്ഞിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം വിവിധ കുക്കി ഗ്രൂപ്പുകൾ നടത്തുകയുണ്ടായി. ഇതിന്റെ തുടർച്ചയായി കുക്കികളുടെ പ്രത്യാക്രമണങ്ങളുമുണ്ടായി.
‘അവർ തീവ്രവാദികളല്ല, വളന്റിയർമാർ’
കഴിഞ്ഞദിവസം വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ കുക്കി തീവ്രവാദികൾ എന്നാണ് സി.ആർ.പി.എഫും മാധ്യമങ്ങളുമെല്ലാം വിശേഷിപ്പിച്ചത്. എന്നാൽ, കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത ‘കുക്കി സൊ കൗൺസിൽ’ പറയുന്നത് കൊല്ലപ്പെട്ടത് തങ്ങളുടെ വളന്റിയർമാരാണ് എന്നാണ്. കഴിഞ്ഞവർഷമുണ്ടായ കലാപത്തിനുശേഷം ഈയടുത്ത കാലത്ത് രൂപം കൊണ്ട സംഘമാണ് ‘കുക്കി സൊ കൗൺസിൽ’. സൈറോൺപോലെ കുക്കികൾക്ക് വലിയ ഭൂരിപക്ഷമുള്ള നിരവധി ഗ്രാമങ്ങൾ മണിപ്പൂരിലുണ്ട്. എന്നാൽ, ഈ ഗ്രാമങ്ങൾ മെയ്തി സായുധവിഭാഗത്തിന്റെ ആക്രമണ ഭീഷണിയിലാണ്. ഇവരുടെ ആക്രമണങ്ങളിൽനിന്ന് ഗ്രാമവാസികളെ രക്ഷിക്കാനായി രൂപം നൽകിയതാണത്രെ ‘കുക്കി സൊ കൗൺസിൽ’. പൊലീസിന്റെയും സർക്കാറിന്റെയും പിന്തുണയോടെയാണ് മെയ്തികൾ ആക്രമണം നടത്തുന്നതെന്ന് ‘കുക്കി സൊ കൗൺസിൽ’ കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.
സർക്കാർ എന്തു ചെയ്യുന്നു?
നവംബർ എട്ടിനാണ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കവെ, ഇരു വിഭാഗവുമായും സർക്കാർ സമാധാന ചർച്ചയിലേർപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നുമായിരുന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. എന്നാൽ, ഇത് അവാസ്തവമാണെന്ന് ചൊവ്വാഴ്ച പത്ത് കുക്കി എം.എൽ.എമാർ ചേർന്ന് പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി ബിരേൻ സിങ് ഇതുവരെയും തങ്ങളുമായി ചർച്ച നടത്തിയിട്ടില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയായിരുന്നുവെന്നും എം.എൽ.എമാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.