ബി.ജെ.പിയെ വെട്ടിലാക്കി മണിപ്പൂരിൽ കൂട്ടരാജി; സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം
text_fieldsഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നതിനിടെ ബി.ജെ.പിയെ വെട്ടിലാക്കി കൂട്ടരാജി. ജിരിബാമിൽ ബി.ജെ.പിയിലെ എട്ടു ജില്ലാ നേതാക്കൾ രാജിവെച്ചു.
സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ രാജിവെച്ചത്. ജിരിബാം പാർട്ടി ജില്ല അധ്യക്ഷൻ കെ. ജാദു സിങ്, ജനറൽ സെക്രട്ടറിമാരായ ഹേമന്ത സിങ്, ബ്രൊജേന്ദ്രോ സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മേഘാജിത് സിങ്, എൽ. ചോബാ സിങ് ഉൾപ്പെടെയുള്ള നേതാക്കളാണ് രാജിവെച്ചത്. ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചിരുന്നു.
ശനിയാഴ്ച ബി.ജെ.പി സഖ്യ സർക്കാറിനുള്ള പിന്തുണ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) പിൻവലിച്ചിരുന്നു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എൻ.പി.പി. സംസ്ഥാനത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്മാറ്റം. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലാണ് യോഗം നടക്കുന്നത്. സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിലേക്ക് കേന്ദ്ര സായുധ പൊലീസ് സേനയിലെ (സി.എ.പി.എഫ്) 50 കമ്പനി സേനകളെ കൂടി അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 5000 സൈനികരാണ് അധികമായി സംസ്ഥാനത്ത് എത്തുക.
മണിപ്പൂരിൽ ആളപായത്തിനും ക്രമസമാധാനനില തകർച്ചക്കും ഇടയാക്കിയ മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മണിപ്പൂർ പൊലീസിൽ നിന്ന് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തത്. കഴിഞ്ഞ എട്ടിന് ജിരിബാം പ്രദേശത്ത് ആയുധധാരികളായ തീവ്രവാദികൾ സ്ത്രീയെ കൊലപ്പെടുത്തിയ കേസാണ് എൻ.ഐ.എ ഏറ്റെടുത്തത്. സംഭവത്തിൽ ജിരിബാം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 11ന് ബോറോബെക്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് എൻ.ഐ.എ ഏറ്റെടുത്ത രണ്ടാമത്തേത്. ബോറോബെക്ര പ്രദേശത്ത് വീടുകൾ കത്തിക്കുകയും സാധാരണക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത കേസാണ് മൂന്നാമത്തേത്.
അതിനിടെ, സംസ്ഥാനത്ത് ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ സായുധ സേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജിരിബാം ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14ന് കേന്ദ്ര സർക്കാർ അഫ്സ്പ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.