മണിപ്പൂർ വീണ്ടും കത്തുന്നു; അഞ്ച് പേർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളിൽ ശനിയാഴ്ച അഞ്ച് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘർഷം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി വൈകിയും വെടിവെപ്പും തീവെപ്പും തുടരുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ.
മണിപ്പൂരിലെ ക്വാക്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. മെയ്തേയി വിഭാഗത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് കുക്കി വിഭാഗത്തിലെ രണ്ട് പേരും കൊല്ലപ്പെടുകയായിരുന്നു. ചുരുചാന്ദ്പൂർ ജില്ലയിലാണ് കൊലപാതകം നടന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂർ കലാപത്തിൽ ഇതുവരെ 160 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. മണിപ്പൂരിൽ വ്യാഴാഴ്ചയും സംഘർഷമുണ്ടായിരുന്നു. ബിഷ്ണാപൂരിൽ മണിപ്പൂർ റൈഫിൾസ് സൈനികനെ കൊലപ്പെടുത്തി തോക്കുകൾ മോഷ്ടിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ ശിപാർശ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് മണിപ്പൂർ നിയമസഭ സമ്മേളനം ചേരുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭസമ്മേളനം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.