മണിപ്പൂർ കലാപം: ശവപ്പെട്ടിയുമായി വിദ്യാർഥികളുടെ റാലി
text_fieldsഇംഫാൽ: മണിപ്പൂർ വംശീയ കലാപത്തിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ടവരുടെ മരണത്തിൽ അനുശോചിച്ച് ശവപ്പെട്ടിയുമായി റാലി നടത്തി ഗോത്രവർഗ വിദ്യാർത്ഥി സംഘടനകൾ. കറുത്ത വസ്ത്രം ധരിച്ച ആയിരക്കണക്കിന് പേരാണ് നിശബ്ദ റാലിയിൽ പങ്കെടുത്തത്. ജില്ലാ ആശുപത്രി മോർച്ചറി മുതൽ ലംക ജില്ലയിലെ മിനി സെക്രട്ടേറിയറ്റിന് സമീപം വരെ മൂന്ന് കിലോമീറ്ററോളം ദൂരത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.
കൊല്ലപ്പെട്ടവരുടെ പ്രതീകമായി നൂറ് ശവപ്പട്ടികളും വഹിച്ചായിരുന്നു റാലി. നാൽപതോളം സംഘടനകളും മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ എത്തിയിരുന്നു. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട സംഘം സംസ്ഥാനത്തെ പള്ളികൾക്ക് നേരെ നടന്ന ആക്രമത്തെയും വിമർശിച്ചു.
സായുധരായ ജനക്കൂട്ടം ഭരിക്കുന്ന അവസ്ഥ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്. വർഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കെട്ടിടങ്ങളും സ്വത്തുക്കളും മണിക്കൂറുകൾ കൊണ്ടാണ് നിലം പൊത്തിയത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിൽ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടു. സംസ്ഥാനത്തുനിന്നും ജനങ്ങൾ പാലായനം ചെയ്യുകയാണെന്നും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കലാപം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം പേർ സമീപ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ക്യാമ്പുകളിൽ വെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെല്ലുവിളികൾ നേരിടുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്ന മൂന്നംഗ ജുഡീഷ്യൽ കമീഷനെ നിയമിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. എന്നാൽ നിലവിലെ പുനരധിവാസ പാക്കേജിൽ ജനങ്ങളുടെ ആവശ്യങ്ങൾ വേണ്ടത്ര അഭിസംബോധന ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.