മണിപ്പൂർ കലാപം; ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഗോത്രവർഗക്കാർക്ക് സുരക്ഷയൊരുക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. മണിപ്പൂർ ട്രൈബൽ ഫോറമാണ് ഇന്നോ നാളെയോ ഹരജി പരിഗണിക്കണമെന്ന ആവശ്യം വെക്കേഷൻ ബെഞ്ചിന് മുന്നിൽ ഉയർത്തിയത്. എന്നാൽ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം ജൂലൈ മൂന്നിന് പരിഗണിക്കാനായി മാറ്റി. അക്രമം രൂക്ഷമായ ചുരാചന്ദ്പൂർ, ചന്ദേൽ, കാങ്പോക്പി, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ ഗോത്രവർഗക്കാർക്ക് സുരക്ഷയൊരുക്കണമെന്നും സൈന്യത്തെ ഇറക്കണമെന്നും മുഴുവൻ ക്രമസമാധാന ചുമതലയും സൈന്യത്തിന് കൈമാറണമെന്നുമായിരുന്നു ആവശ്യം.
മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതിന്‍റെ ആവശ്യം ബെഞ്ചിന് മുന്നാകെ ഉന്നയിച്ചത്. അക്രമം അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടും 70ഓളം ഗോത്രവർഗക്കാർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സുരക്ഷാ സേന ചുമതലയേറ്റെടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നേരത്തെയും ഈ ആവശ്യവുമായി ഹരജികൾ വന്നിരുന്നു. വെക്കേഷന് ശേഷം പരിഗണിക്കാമെന്നാണ് അന്ന് കോടതി പറഞ്ഞതെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
എന്നാൽ, സമാധാനം ഉറപ്പുനൽകിയതിന് ശേഷവും 70 ഗോത്രവർഗക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഗോൺസാൽവസ് മറുപടി നൽകി. സൈന്യം സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അക്കാര്യം ജൂലൈ 17ന് പരിഗണിക്കാൻ മാറ്റി. അപ്പോഴേക്കും 50 ഗോത്രവർഗക്കാർ കൂടി കൊല്ലപ്പെടും -അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ഗോത്രവർഗക്കാർക്ക് നഷ്ടപരിഹാരം, കലാപത്തിൽ സ്വതന്ത്രസമിതിയുടെ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൈന്യത്തെ നിയോഗിക്കാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.