മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം: മൂന്ന് പേർ കൂടി അറസ്റ്റിൽ; പ്രതിയുടെ വീട് കത്തിച്ചു
text_fieldsഇംഫാൽ: മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വമേധയാ ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിംഗ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. വെള്ളിയാഴ്ച പ്രതിഷേധക്കാർ ഇയാളുടെ വീട് കത്തിച്ചിരുന്നു. ഇതിന് പിന്നാലെ അരുൺ സിംഗ്, ജിവാൻ എലങ്ബാം, തോംബ സിംഗ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ ആഭാവത്താൽ ആണെന്നാണ് മണിപ്പൂർ പൊലീസിന്റെ വിശദീകരണം. നാല് പേരെ അറസ്റ്റ് ചെയ്തെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.