അധികാരം പങ്കുവെച്ചാൽ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാം -സുഗത ബോസ്
text_fieldsകൊൽക്കത്ത: മെയ്തേയികൾക്കും കുക്കികൾക്കും നാഗ വിഭാഗക്കാർക്കും തുല്യ അവസരം ലഭിക്കുന്ന വിധത്തിൽ അധികാരം പങ്കുവെച്ചാൽ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ പ്രഫ. സുഗത ബോസ്. മൂന്നു വിഭാഗക്കാരും 1944ൽ നേതാജിയുടെ ഐ.എൻ.എയിൽ തോളോടുതോൾ ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ കാര്യം വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മുൻ ലോക്സഭ എം.പി കൂടിയായ സുഗത ബോസ് ഓർത്തെടുത്തു.
മണിപ്പൂരിലെ സ്ഥിതിഗതികൾ അത്യന്തം വേദനജനകമാണ്. താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെ പ്രവർത്തിക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചുനൽകരുത്. കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽ മണിപ്പൂരടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മണിപ്പൂരിലെ കലാപം തടയുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി പാർട്ടി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. എട്ടു പ്രമുഖ ഭാരവാഹികളാണ് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഭരണകൂടത്തിനെതിരെ വൻ ജനരോഷമുണ്ടെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബി.ജെ.പി എം.എല്‍.എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ ആയുധധാരികൾ ശ്രമിച്ചതിനു പിന്നാലെയാണ് നേതാക്കളുടെ കത്ത്. തന്റെ വീട് ആറുതവണ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചതായി ശാരദ ദേവി പറയുന്നു. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്, സംസ്ഥാന മന്ത്രി നെംച കിപ്ജൻ, പി.ഡബ്ല്യു.ഡി മന്ത്രി ഗോവിന്ദാസ് കൊന്തൂജം തുടങ്ങിയവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികൾ ധരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയപാതകളില്‍ ഗതാഗതം സാധാരണ നിലയിലാക്കണമെന്നും പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.