ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി; സ്വതന്ത്രനായി സഞ്ചരിക്കുന്ന തന്നെ കണ്ടെത്താനായില്ലേയെന്ന് പരിഹസിച്ച് മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: സി.ബി.ഐ ലൂക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടുവെന്നും ഡൽഹിയിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന തന്നെ കാണാനില്ലെന്നും പറഞ്ഞ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുയാണെന്നും സിസോദിയ പറഞ്ഞു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി. ഞാൻ ഡൽഹിയില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്. നിങ്ങൾക്കെന്നെ കണ്ടെത്താനായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
താന്‍ ചെയ്ത ഏകകുറ്റം കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമാണെന്നത് മാത്രമാണ്. അവരുടെ വിഷയം മദ്യനയം പുനഃക്രമീകരിച്ചതല്ല, മറിച്ച് അരവിന്ദ് കെജ്രിവാളാണ്. വെള്ളിയാഴ്ച നടന്ന റെയ്ഡുകളില്‍ ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ലുക്കൗട്ട് സർക്കുലർ ഇറക്കിയെന്ന റിപ്പോർട്ട് സി.ബി.ഐ നിഷേധിച്ചു. നിലവിൽ ആർക്കെതിരെയും ലുക്കൗട്ട് സർക്കുലർ ഇറക്കിട്ടില്ല. രേഖകളും മറ്റു തെളിവുകളും പരിശോധിച്ചുവരികയാണെന്നുമാണ് സി.ബി.ഐ പറയുന്നത്.
വെള്ളിയാഴ്ച സിസോദിയയുടെ വസതിയലടക്കം 31 കേന്ദ്രങ്ങളിൽ 14 മണിക്കൂർ നീണ്ട പരിശോധനകൾക്കു ശേഷമാണ് സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആറിട്ടത്. ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതിനിടെ, സി.ബി.ഐയെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വീഡിയോ സിസോദിയ പങ്കുവെച്ചു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി സി.ബി.ഐ ഗുജറാത്തിലെ ഓഫിസർമാരെ ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രിമാരെ ജയിലിലടക്കാൻ ശ്രമിക്കുന്നുവെന്നും വിഡിയോയിൽ നരേന്ദ്ര മോദി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.