ഡൽഹി മദ്യനയം: മനീഷ് സിസോദിയയുടെ അടുത്ത അനുയായിയായ മലയാളി വ്യവസായി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായിയും മലയാളി വ്യവസായിയുമായ വിജയ് നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യനയ വുമായി ബന്ധപ്പെട്ട് സി.ബി.ഐ കസ്റ്റഡിയിൽ നിന്ന് നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അറസ്റ്റ്.
ആംആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവികൂടിയാണ് വിജയ് നായർ. ബിസിനസുകാരനായ അഭിഷേക് ബൊയിൻപള്ളിക്കൊപ്പമാണ് വിജയ് നായരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യയിലെ ചില മദ്യ വ്യവസായികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. രണ്ടുപേരും നിലവിൽ ജയിലിലാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇരുവരെയും ഇ.ഡി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങുക. സി.ബി.ഐ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് കാട്ടിയാണ് ഇരുവരും ജാമ്യാപേക്ഷ നൽകിയത്.
എന്നാൽ വിജയ് നായർ ചിലരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും അതുപ്രകാരമാണ് ഡൽഹി മദ്യനയം രൂപീകരിച്ചതെന്നുമാണ് സി.ബി.ഐയുടെ വാദം. ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മദ്യ വ്യവസായികളുമായി ചേർന്ന് മദ്യ നയ രൂപീകരണത്തിൽ അഭിഷേക് ബൊയിൻപള്ളിയും പങ്കാളിയാവുകയും അതിന്റെ ഗുണഫലങ്ങൾ പറ്റുകയും ചെയ്തെന്നും സി.ബി.ഐ ആരോപിക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി 169 ഓളം പരിശോധനകൾ നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.