മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എട്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസോദിയ സി.ബി.ഐ ആസ്ഥാനത്ത് എത്തിയത്. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കുറച്ചു ദിവസം ജയിലിൽ കിടക്കേണ്ടി വന്നാലും പ്രശ്നമില്ലെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനു മുമ്പ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിന് കുട്ടികളുടെയും കോടിക്കണക്കിന് ജനങ്ങളുടെയും അനുഗ്രഹം ഞങ്ങൾക്കുണ്ടെന്നും സിസോദിയ കൂട്ടിച്ചേർത്തു.
രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിൽ സന്ദർശനം നടത്തിയാണ് സി.ബി.ഐ ഓഫിസിലേക്ക് സിസോദിയ പോയത്. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. സിസോദിയയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയതായി എ.എ.പി നേതാവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു.
ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകൾ വിലക്കിക്കൊണ്ട് സി.ബി.ഐ ഉത്തരവിറക്കി. എ.എ.പി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് 144 ഏർപ്പെടുത്തിയത്. സിസോദിയയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.