മനീഷ് സിസോദിയക്കെതിരെ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തേക്കും; അന്വേഷണം ആരംഭിച്ചു
text_fieldsന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം ഇക്കാര്യത്തിൽ ഇ.ഡി കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസ് സംബന്ധിച്ച വിവരങ്ങൾ ഇ.ഡി സി.ബി.ഐയിൽ നിന്നും തേടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരിക്കും ഇ.ഡി സിസോദിയക്കെതിരെ കേസെടുക്കുക.
കഴിഞ്ഞ ദിവസം സി.ബി.ഐ മനീഷ് സിസോദിയക്കെതിരെ കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. റെയ്ഡിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി മനീഷ് സിസോദിയ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സിസോദിയ പറഞ്ഞു. സി.ബി.ഐ സംഘം വെള്ളിയാഴ്ച എന്റെ വീട്ടിലേക്ക് എത്തി.
വീട് പരിശോധിച്ച് കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തു. എന്റെ കുടുംബം അന്വേഷണവുമായി സഹകരിച്ചു. ഇനിയും അത് തുടരും. ഞങ്ങൾ അഴിമതി നടത്തുകയോ തെറ്റായി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ഭയപ്പെടുന്നില്ല. സി.ബി.ഐയെ സർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിച്ചു.
ഡൽഹി സർക്കാറിന്റെ നല്ല പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. സി.ബി.ഐ റെയ്ഡിനിടെ നല്ല രീതിയിലാണ് പെരുമാറിയതെന്നും സിസോദിയ പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് സിസോദിയയെ സി.ബി.ഐ പ്രതി ചേർത്തിരുന്നു. പുതിയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു.
മന്ത്രിയുടെ വസതി കൂടാതെ, ഡൽഹി, ഗുഡ്ഗാവ്, ചണ്ഡീഗഡ്, മുംബൈ, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു അടക്കം 30 കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡിൽ പണം അടക്കമുള്ള ഒന്നും കണ്ടെത്താനായിട്ടില്ല.ഡൽഹി സർക്കാറിന്‍റെ 2021-22 വർഷത്തെ മദ്യനയത്തിൽ ഡൽഹി ലഫ്. ഗവർണർ വി.കെ സക്സേനയുടെ നിർദേശ പ്രകാരം കഴിഞ്ഞമാസമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേസിൽ സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.