പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതിന് മനീഷ് സിസോദിയ ജയിലിൽ കിടന്നത് 530 ദിവസം -എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതംചെയ്ത് എ.എ.പി നേതാവ് രാഘവ് ഛദ്ദ. ''ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആചാര്യന് ജാമ്യം ലഭിച്ചിരിക്കുന്നു. രാജ്യം മുഴുവൻ ഈ ജാമ്യത്തിൽ ഇന്ന് ആഹ്ലാദിക്കുകയാണ്. ഈയവസരത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.530 ദിവസമാണ് മനീഷ് സിസോദിയയെ ജയിലിൽ പാർപ്പിച്ചത്. പാവപ്പെട്ട കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കാൻ ശ്രമിച്ചു എന്നതാണ് അദ്ദേഹം ചെയ്ത വലിയ കുറ്റം.''-എന്നാണ് രാഘവ് ഛദ്ദ എക്സിൽ കുറിച്ചത്.
സത്യത്തിന്റെ വിജയമാണിതെന്ന് സിസോദിയയുടെ ജാമ്യത്തെ കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്സിൽ കുറിച്ചത്. സത്യമേവ ജയതേ എന്നാണ് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി എക്സിൽ കുറിച്ചത്.
''കേന്ദ്രത്തിന്റെ ഏകാധിപത്യത്തിനേറ്റ ശക്തമായ പ്രഹരമാണിത്. 17 മാസമായി സിസോദിയ ജയിലിലാണ്. ഇത്രയും മാസങ്ങൾ കൊണ്ട് അവർ അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചു. ആ സമയം കൊണ്ട് ഡൽഹിയിലെ കുഞ്ഞുങ്ങൾക്കായി മികച്ച വിദ്യാഭ്യാസം നൽകാൻ സാധിക്കുമായിരുന്നു അദ്ദേഹത്തിന്.''-രാജ്യ സഭ എം.പി സഞ്ജയ് സിങ് സിസോദിയയുടെ ജാമ്യം സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, സത്യേന്ദർ ജെയിൻ എന്നിവർക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു.
2023 ഫെബ്രുവരി 26നാണ് സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിസോദിയക്ക് ഒന്നര വർഷത്തിന് ശേഷമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മദ്യനയക്കേസുളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.
സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിൽ ബന്ധങ്ങളുള്ളതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും 493 സാക്ഷികളുള്ള കേസില്‍ വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും സൂപ്രീംകോടതി ചൂണ്ടിക്കാട്ടി.ഓരോ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന വിചാരണ കോടതിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള തടവുപുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. കടുത്ത നിബന്ധനകളോടെയാണ് സിസോദിയക്ക് കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ടു തവണ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.