തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി സിസോദിയ കോടതിയിൽ
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അറസ്റ്റ് ചെയ്ത മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈകോടതിയിൽ. സി.ബി.ഐ, ഇ.ഡി അന്വേഷണ ഏജൻസികളുടെ പ്രത്യേക ജഡ്ജി കാവേരി ബാജ്‍വയാണ് സിസോദിയയുടെ ഹരജി പരിഗണിക്കുക.
മദ്യനയ അഴിമതിക്കേസിൽ 2023 ഫെബ്രുവരി 26നാണ് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 മാർച്ച് ഒമ്പതിന് ഇ.ഡിയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28ന് സിസോദിയ മന്ത്രി പദമൊഴിഞ്ഞിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശമുണ്ടായത്.
ക്രമക്കേടുണ്ടെന്നു കാട്ടി സി.ബി.ഐ പ്രാഥമിക റിപോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലയുമുള്ള മനീഷ് സിസോദിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനത്തിലൂടെ ഖജനാവിന് 580 കോടി നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി സർക്കാറിനെ നയിക്കുന്നവരുമായവർ മദ്യവ്യവസായികളിൽനിന്ന് കൈക്കൂലി വാങ്ങി, ഡിസ്കൗണ്ട് നൽകുകയും ലൈസൻസ് ഫീസിന് കാലാവധി നീട്ടുകയും ചെയ്തുവെന്നും റിപ്പോർട്ട് ആരോപിച്ചു
വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.എ.പി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.