ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയെ പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ പ്രതിചേർത്ത് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരെയും അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യമായാണ് സി.ബി.ഐ സിസോദിയയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സി.ബി.ഐ സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രം ആണിത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.
കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കഴിഞ്ഞആഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഭാരത് രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ. കവിതയെും ചോദ്യം ചെയ്തിരുന്നു. കേസിൽ ഇതു വരെ 10 പേരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.