മനീഷ് സിസോദിയ ഏഴു ദിവസം ഇ.ഡി കസ്റ്റഡിയിൽ; 292 കോടിയുടെ അഴിമതിയെന്ന്
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏഴു ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ( ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ കഴിയവേ, വ്യാഴാഴ്ച രാത്രിയാണ് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
10 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി വെള്ളിയാഴ്ച കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഏഴുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഇ.ഡി അറസ്റ്റ് ചെയ്യുന്നതെന്നും ഈ നടപടി നിയമവിരുദ്ധമാണെന്നും സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു. തെളിവായി പണമൊന്നും സിസോദിയയുടെ പക്കൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതിനിടെ, സി.ബി.ഐ കേസിൽ സിസോദിയ നൽകിയ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോടതി മാർച്ച് 21 ലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കോടതി ഹരജി പരിഗണിക്കുന്നത് മാറ്റുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഇ.ഡി പ്രത്യേക കോടതിയില്‍ അവകാശപ്പെട്ടു. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്തുന്നതിന് സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
ഫെബ്രുവിരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റു ചെയ്തത്. ഏഴു ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഇ.ഡിയും അറസ്റ്റു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.