ജയിലിൽ യോഗ ചെയ്യണം, ഭഗവദ് ഗീത കൈയിൽ വെക്കണം -മനീഷ് സിസോദിയ കോടതിയിൽ
text_fields
ന്യൂഡൽഹി: മദ്യ നയക്കേസിൽ അറസ്റ്റിലായ മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റും. മാർച്ച് 20 വരെ 14 ദിവസം അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. മെഡിക്കൽ പരിശോധനക്കിടെ അനുവദിച്ച മരുന്നുകൾ കൈവശം വെക്കാൻ കോടതി സിസോദിയക്ക് അനുമതി നൽകി. അതോടൊപ്പം കണ്ണടയും ഡയറിയും പേനയും ഭഗവദ്ഗീതയും കൈവശം വെക്കാൻ അനുമതി ലഭിച്ചു. ജയിലിൽവെച്ച് ധ്യാനത്തിന് അനുവാദം നൽകണമെന്നും ഭഗവദ്ഗീത കൈയിൽ വെക്കണമെന്നും സിസോദിയ കോടതിയോട് അഭ്യർഥിച്ചിരുന്നു.
ഏഴ് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് സിസോദിയയെ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
ജഡ്ജി എം.കെ. നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഇന്ന് ഹാജരാക്കിയത്. തെളിവുകൾ നിരത്തിയിട്ടും സിസോദിയ ചോദ്യങ്ങളോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അന്വേഷണവുമായി സഹകരിക്കാത്തതാണ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് സി.ബി.ഐ വ്യക്തമാക്കി. അതിനിടെ, സിസോദിയ ഡൽഹി കോടതിയിൽ സമർപ്പിച്ചിച്ച ജാമ്യാപേക്ഷയിൽ മാർച്ച് 10 ന് വാദം കേൾക്കും.
അതിനിടെ, വിഷയം മാധ്യമങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് രാഷ്ട്രീയവൽകരിക്കുകയാണെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. കസ്റ്റഡി വിവരങ്ങൾ ചോരുന്നത് നിങ്ങളുടെ ഭാഗത്ത് നിന്നല്ലേ എന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. പ്രധാന സാക്ഷികളിൽ നിന്നും ഇനിയും മൊഴി എടുക്കേണ്ടതുണ്ടെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.