ഒളികാമറ ദൃശ്യവുമായി ബി.ജെ.പി; പുച്ഛിച്ച് തള്ളി സിസോദിയ
text_fieldsന്യൂഡൽഹി: മദ്യ ലൈസൻസിന് കൈക്കൂലി നൽകിയെന്ന് സമ്മതിക്കുന്ന പ്രതിയുടെ പിതാവിന്റെ വിഡിയോ ദൃശ്യം പുറത്തുവിട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പുറത്താക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. 13ാം പ്രതി സണ്ണി മർവയുടെ പിതാവ് കുൽവിന്ദർ മർവയാണ് കൈക്കൂലി നൽകിയതായി ദൃശ്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
മദ്യനയവുമായി ബന്ധപ്പെട്ട് കെജ്രിവാളിനോടും സിസോദിയയോടും അഞ്ച് ചോദ്യം ചോദിച്ചിട്ട് ഉത്തരമുണ്ടായില്ല. അതുകൊണ്ടാണ് ഇവരെ ഒളികാമറ ദൃശ്യങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഇനിയും കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരും. അബ്കാരികൾ ഭയക്കാതെ സത്യം തുറന്നുപറയാൻ മുന്നോട്ടുവരണമെന്നും ഡൽഹി ബി.ജെ.പി മേധാവി ആദേശ് ഗുപ്തയും മനോജ് തിവാരി എം.പിയും ബി.ജെ.പി വക്താവ് സംപിത് പത്രയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ''ലാഭത്തിന്റെ 80 ശതമാനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും കൂട്ടാളികളുമാണ് എടുക്കുന്നത്. തങ്ങളുടെ 80 ശതമാനം തരൂ, ബാക്കി നിങ്ങൾ എന്തുവേണമെങ്കിലും ചെയ്യൂ -ഇതാണ് കെജ്രിവാളിന്റെ നയം'' -വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതാക്കൾ പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ഒളികാമറ ഓപറേഷൻ തമാശയാണെന്ന് സിസോദിയ പ്രതികരിച്ചു. സി.ബി.ഐ തനിക്ക് ക്ലീൻചിറ്റ് നൽകിയതാണ്. കാറിലിരുന്ന് ഒരാളെക്കൊണ്ട് എന്തൊക്കെയോ പറയിപ്പിക്കുകയാണ്. ഇത് ഒളികാമറ ഓപറേഷനല്ല. തനിക്കും ഇത്തരം ദൃശ്യങ്ങൾ ഉണ്ടാക്കാൻ കഴിയും. നിങ്ങൾക്കത് പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. അതിനിടെ തനിക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള സമ്മർദംമൂലം സി.ബി.ഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതായി സിസോദിയ പറഞ്ഞു. സി.ബി.ഐ ഇത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.