ബുൾഡോസർ ആക്രമണം അവസാനിപ്പിക്കണം: മനീഷ് സിസോദിയ അമിത് ഷാക്ക് കത്തയച്ചു
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന മൂന്ന് മുനിസിപ്പൽ ബോഡികളിൽ നടത്തുന്ന ബുൾഡോസർ കയ്യേറ്റ വിരുദ്ധ ആക്രമണങ്ങൾ നിർത്തണമെന്നാവശ്യപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. ഈ ബുൾഡോസർ ആക്രമണം രാജ്യതലസ്ഥാനത്തെ വലിയ നാശത്തിലേക്ക് നയിക്കുമെന്നും ഡൽഹിയിലെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം ഭവനരഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 63 ലക്ഷത്തിൽ പരം വീടുകൾ തകർക്കാൻ പൗരസമിതികൾ പദ്ധതിയിടുന്നുണ്ടെന്നും ഇതിൽ 60 ലക്ഷം വീടുകൾ അനധികൃത കോളനികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ വീടുകൾ പൊളിച്ചുനീക്കാനുള്ള നടപടിയെ ആം ആദ്മി പാർട്ടി എതിർക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഈ കോളനികളിലെ വീടുകൾ പൊളിച്ചുനീക്കുന്നതിന് മുമ്പ് കെട്ടിടങ്ങൾ അനുവദിക്കുന്നതിന് വേണ്ടി കൈക്കൂലി വാങ്ങിയ ബി.ജെ.പി നേതാക്കളുടെയും പൗരസമിതി പ്രതിനിധികളുടെയും വീടുകൾ പൊളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ശാഹീൻബാഗിന് സമീപം ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മദൻപൂർ ഖാദിരിയിൽ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബുൾഡോസർ ആക്രമണം നടത്തിയിരുന്നു. നടപടിക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും ആം ആദ്മി പാർട്ടി ഓഖ്ല എം.എൽ.എ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കൈയേറ്റമുണ്ടായിട്ടില്ലെന്നും പാവങ്ങളുടെ വീടുകൾ തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.