കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്കെന്ന്; നിഷേധിച്ച് ഓഫിസ്
text_fieldsന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം. അദ്ദേഹം ബി.ജെ.പി വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്സഭ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് മനീഷ് തിവാരിയും പാർട്ടി വിടുമെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ, വാർത്ത തെറ്റാണെന്നും മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
കമൽനാഥിന്റെ വിശ്വസ്തരായ ആറ് എം.എൽ.എമാരും ഡൽഹിയിൽ
രജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനൊപ്പം വിശ്വസ്തരായ ആറ് കോൺഗ്രസ് എം.എൽ.എമാരും ഞായറാഴ്ച ഡൽഹിയിലെത്തി. ഇവരിൽ മൂന്ന്പേർ കമൽനാഥിന്റെ കോട്ടയായ ചിന്ദ്വാരയിൽ നിന്നുള്ളവരാണ്. കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇവർ ഫോൺകാളിന് മറുപടി നൽകുന്നില്ലെന്നാണ് വിവരം. എം.എൽ.എമാർക്കൊപ്പം മുൻ സംസ്ഥാന മന്ത്രിയുമായ ലഖൻ ഘൻഗോറിയയും ഡൽഹിയിലെത്തി.
നിയമസഭ തോൽവിയെത്തുടർന്ന് സംസ്ഥാന അധ്യക്ഷപദവി സ്ഥാനത്തുനിന്ന് കമൽനാഥിനെ മാറ്റിയതിൽ അദ്ദേഹത്തിന് മാനസിക പ്രയാസമുണ്ടാക്കിയതായി കമൽനാഥിന്റെ വിശ്വസ്തനായ ദീപക് സക്‌സേന പറഞ്ഞു. കമൽനാഥ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും ദീപക് വ്യക്തമാക്കി. കമൽ നാഥിന്റെ മറ്റൊരു വിശ്വസ്തനായ മുൻമന്ത്രി വിക്രം വർമ എക്‌സ് പ്രഫൈലിൽ ജയ് ശ്രീറാം എന്ന് കുറിച്ചു.
മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ ഏക എം.പിയായ കമൽനാഥിന്റെ മകൻ നകുൽനാഥ് സമൂഹ മാധ്യമങ്ങളിലെ മേൽവിലാസത്തിൽനിന്ന് കോൺഗ്രസിന്‍റെ പേര് നീക്കിയതോടെയാണ് പിതാവും മകനും ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം ശക്തമായത്.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി വിളിച്ച രണ്ടുദിവസത്തെ നേതൃസമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് കമൽനാഥും സംഘവും ഡൽഹിയിലെത്തിയിട്ടുള്ളത്.
കമൽനാഥ് പാർട്ടിയുടെ നെടുംതൂണാണെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പറഞ്ഞു. ഇന്ദിരയുടെ മൂന്നാമത്തെ മകൻ ബി.ജെ.പിയിലേക്ക് ചേരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്യാര കഴിഞ്ഞദിവസം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.