നോട്ട് അസാധുവാക്കൽ ഏറ്റവും വലിയ അഴിമതി; മോദി പുറത്തേക്കുള്ള വഴിയിൽ -മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിന് പുറത്തേക്കുള്ള വഴിയിലാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തെ യുവാക്കളും തൊഴിലാളികളും കർഷകരും വ്യാപാരികളും ജനാധിപത്യസ്ഥാപനങ്ങളും ആപദ്ഘട്ടത്തിലൂടെയാണ് കടന്നുപോയത്. മോദി തരംഗം രാജ്യത്തില്ലെന്നും കേന്ദ്ര സർക്കാറിനെ പുറത്താക്കാൻ ജനങ്ങൾ നിശ്ചയിച്ചുകഴിഞ്ഞുവെന്നും പി.ടി.െഎ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മൻമോഹൻ പറഞ്ഞു. അസഹിഷ്ണുതയുടെ അൾത്താരയിൽ സ്വന്തം രാഷ്ട്രീയ നിലനിൽപ് മാത്രമായിരുന്നു ഇത്രയുംകാലം അവരുടെ ലക്ഷ്യം. അഴിമതിയുടെ ദുർഗന്ധം സങ്കൽപാതീതമായ ഉയരത്തിലെത്തി. നോട്ട് അസാധുവാക്കൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ പാകിസ്താൻ നയം പാളിച്ചകളുടേതായിരുന്നു. ക്ഷണിക്കാതെ അദ്ദേഹം അവിടേക്ക് പോയി. പത്താൻകോട്ട് ആക്രമണമുണ്ടായപ്പോൾ തെമ്മാടികളായ െഎ.എസ്.െഎയെ ഇന്ത്യയിലേക്ക് അന്വേഷണത്തിന് ക്ഷണിച്ചു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. അതിന് കാരണം ഇപ്പോഴത്തെ ഭരണമാണ്. എന്നും കേൾക്കുന്ന വാചാടോപം ജനത്തെ മടുപ്പിക്കുന്നു. പതിവ് മുഖംമിനുക്കലിനും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ നടത്തുന്ന സ്വയംപുകഴ്ത്തലുകൾക്കുമെതിരെ ശക്തമായ അടിയൊഴുക്കുണ്ടാകും. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അടിയന്തര കാബിനറ്റ് സുരക്ഷാസമിതി യോഗത്തിൽ പെങ്കടുക്കേണ്ടതിനു പകരം പ്രധാനമന്ത്രി ആ സമയത്ത് ജിം കോർബറ്റ് നാഷനൽ പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നുവെന്നാണ് വാർത്ത വന്നത്. പുൽവാമയിലെ സുരക്ഷാവീഴ്ച ഭീകരവാദത്തിനെതിരായ നടപടികളിൽ സർക്കാർ പൂർണപരാജയമാണെന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജമ്മു-കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 176 ശതമാനം വർധനയുണ്ടായി. പാകിസ്താെൻറ വെടിനിർത്തൽ ലംഘനങ്ങൾ 1000 ശതമാനവും വർധിച്ചു. വെറുപ്പിെൻറ രാഷ്ട്രീയം ബി.ജെ.പിയുടെ മറ്റൊരു പേരായി. അഞ്ചുവർഷത്തെ മോദിഭരണം സങ്കടകരമായ കഥയാണ്. ‘അച്ഛാ ദിൻ’ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ അവർ അഞ്ചുവർഷം കൊണ്ട് ഇന്ത്യയുടെ ഭാവി അങ്ങേയറ്റം അപകടത്തിലാക്കി. ഒരാൾക്ക് മാത്രമായി 130 കോടി ജനങ്ങളുടെ ആശയാഭിലാഷങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് രാഷ്ട്രപതി ഭരണം നല്ലതാണോയെന്ന ചോദ്യത്തിന് മറുപടിയായി മൻമോഹൻ പറഞ്ഞു. വിദേശനയത്തിെൻറ കാര്യത്തിൽ ദേശീയ താൽപര്യം മുൻനിർത്തിയാണ് എല്ലാ തീരുമാനങ്ങളും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഒരു വ്യക്തിയുടെ പ്രതിച്ഛായ നിർമാണത്തിന് അത് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മോദിയെ പരാമർശിച്ച് മൻമോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.