യു.പി.എ സർക്കാറിന്‍റെ കാലത്ത് സാമ്പത്തിക മേഖല സ്തംഭിച്ചുവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി
text_fieldsന്യൂഡൽഹി: മൻമോഹൻ സിങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്‍റെ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖല സ്തംഭിച്ചുവെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനക്കൊത്ത എതിരാളിയായി ഇന്ത്യയെ വളർത്താൻ പുതുതലമുറക്ക് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് ഐ.ഐ.എമ്മിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മൻമോഹൻ സിങ് സമർഥനായ വ്യക്തിയാണ്, എനിക്ക് അദ്ദേഹത്തോട് അതിയായ ബഹുമാനം ഉണ്ട്. പക്ഷെ, യു.പി.എ സർക്കാറിന്‍റെ കാലത്ത് ഇന്ത്യ സ്തംഭിച്ചു. തീരുമാനങ്ങൾ എടുക്കാതിരിക്കുകയും എല്ലാത്തിനും കാലതാമസം ഉണ്ടാവുകയും ചെയ്തു' -നാരായണ മൂർത്തി പറഞ്ഞു.
ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സിയുടെ യോഗങ്ങളിൽ ഇന്ത്യയുടെ പേര് വിരളമായി മാത്രമേ പരാമർശിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ചൈനയുടെ പേര് നിരവധി തവണ പരാമർശിക്കുമായിരുന്നു. ചൈനയുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതിനെക്കാളും ആറ് മടങ്ങ് വലുതാണ്. എന്നാൽ പുതുതലമുറ ചൈനയുടെ യോഗ്യനായ എതിരാളിയായി ഇന്ത്യയെ വളർത്തിയാൽ ഇന്ന് ചൈനക്ക് കിട്ടുന്ന ബഹുമാനം ഇന്ത്യക്കും ലഭിക്കും.
ഭൂരിഭാഗം പാശ്ചാത്യരും ഇന്ത്യയെ പുച്ഛത്തോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിമാറിയിരിക്കുന്നു. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും എൻ.ഡി.എ സർക്കാറിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ', 'സ്റ്റാർട്ടപ്പ് ഇന്ത്യ' തുടങ്ങിയ പദ്ധതികളും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വളർച്ചക്ക് സഹായിച്ചിട്ടുണ്ടെന്നും നാരായണ മൂർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.