മൻമോഹൻ സിങ്ങിന്റെ അവസാന യാത്ര കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് തുടങ്ങും; സംസ്കാരം രാവിലെ 10 മണിക്ക്
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അവസാനയാത്ര ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിക്കും. പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മൻമോഹൻ സിങ്ങിന്റെ മൃതശരീരം ഇന്നും വീട്ടിൽ തന്നെ പൊതുദർശനത്തിന് വെക്കും. കോൺഗ്രസ് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മോത്തിലാൽ നെഹ്റു റോഡിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കാം.
നാളെ രാവിലെ എട്ട് മണിക്ക് മൃതദേഹം എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ എട്ടര മുതൽ ഒമ്പതര വരെ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും. ഒമ്പതരയോടെ മൃതദേഹം വിലാപയാത്രയായി രാജ്ഘട്ടിൽ എത്തിക്കും. 10 മണിയോടെ സംസ്കാരചടങ്ങുകൾ തുടങ്ങും.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനായി കോൺഗ്രസ് വർക്കിങ് കമിറ്റിയുടെ യോഗം ഇന്ന് ചേരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വൈകീട്ട് അഞ്ചരക്കായിരിക്കും യോഗം നടക്കുക.
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.