നോട്ട് പിൻവലിക്കൽ: രാജ്യത്ത് യുദ്ധ സമാനമായ അവസ്ഥയെന്ന് മൻമോഹൻ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ വീണ്ടും വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്. ഇത് യുദ്ധകാലഘട്ടത്തിന് സമാനമായ അവസ്‌ഥയാണ്. രാജ്യത്തെ സാധാരണക്കാർ അതിദാരുണമായ സ്ഥിതിയിലാണെന്നും ഹിന്ദു ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ മൻമോഹൻ വ്യക്തമാക്കി.
രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ദൈനംദിന ചെലവുകൾക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. മുമ്പ് യുദ്ധകാലങ്ങളിൽ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങൾ ഇത്രയേറെ കാത്തുനിൽക്കേണ്ടി വന്നിട്ടുളളതെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി.
ഈ തീരുമാനത്തിന്‍റെ ദുരന്തഫലം വളരെ വലുതായിരിക്കും. വ്യവസായ ഉത്പാദനം കുറയുകയും തൊഴില്‍ കുറയുകയും ചെയ്യുന്ന കാലത്ത് ഈ നടപടി വളരെ വിപരീത ഫലമാണ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുക. ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയില്‍ പ്രധാന സൂചികയാണ് അവിടുത്തെ ഉപഭോക്താവിന്റെ വിശ്വാസം. ആ വിശ്വാസം മോദി തകര്‍ത്തുകളഞ്ഞു.
അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമോ ആയ നീക്കമായിരുന്നില്ല നോട്ട് നിരോധനം. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് നോട്ട് നിരോധനമെന്ന പ്രക്രിയ വളരെയേറെ വെല്ലുവിളിയാകുമെങ്കിൽ ജനസംഖ്യ ഇത്രയധികമുള്ള ഇന്ത്യക്ക് അതിന്റെ രണ്ടിരട്ടിയാണ് പ്രശ്നങ്ങൾ. എല്ലായിടത്തും ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രം നോട്ടുകൾ പിൻവലിക്കുമ്പോൾ ഇന്ത്യയിൽ പൊടുന്നനെ അർധരാത്രിയിലാണ് തീരുമാനമുണ്ടായത്.
ഇന്ത്യയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലധികം പേര്‍ക്കും വേതനം പണമായാണ് കിട്ടുന്നത്. ഇതില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന 60 കോടി ജനങ്ങള്‍ക്ക് ഇന്നും ബാങ്ക് സേവനം അന്യമാണ്. അവര്‍ ദൈനംദിന കാര്യങ്ങള്‍ പണമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അവരുടെ സമ്പാദ്യം 500, 1000 രൂപ നോട്ടുകളായിട്ടാകും സൂക്ഷിച്ചിട്ടുണ്ടാകുക. അതിനെയെല്ലാം ഒറ്റയടിക്ക് കള്ളപ്പണമെന്ന് മുദ്രകുത്തി അവരുടെയെല്ലാം ജീവിതം താറുമാറാക്കുന്നത് വലിയ ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് ദിവസേനയുളള ചെലവുകൾക്കായി റേഷൻ കണക്കിൽ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നിൽക്കേണ്ടി വരുമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. രാജ്യത്തെ വലിയ സമ്പദ് വ്യവസ്‌ഥക്ക് ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്നം തന്നെയാണ്. വർഷങ്ങളായി ഇത്തരത്തിൽ കള്ളപ്പണം സമ്പാദിക്കുന്നവർ അത് സ്‌ഥലമായിട്ടോ സ്വർണമായിട്ടോ മറ്റ് രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. കള്ളപ്പണത്തിനെതിരെന്ന പേരിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം അതിദാരുണമായ അവസ്‌ഥയാണ് ഉണ്ടാക്കിയതെന്നും മൻമോഹൻ വ്യക്തമാക്കി.
നേരത്തെ പാർലമെന്റിലും മൻമോഹൻ മോദിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഘടിതമായ കൊള്ള, നിയമപരമായ കവർച്ച, ചരിത്രപരമായ കെടുകാര്യസ്ഥത എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രഖ്യാപനത്തെ മുൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.