മൻമോഹൻസിങ്ങിന്റെ പ്രസംഗം മോദി വളച്ചൊടിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയായിരിക്കെ 2006ൽ ദേശീയ വികസന കൗൺസിൽ യോഗത്തിൽ ഡോ. മൻമോഹൻസിങ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് വളച്ചൊടിച്ചാണ് നരേന്ദ്ര മോദി മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശം ഉയർത്തിയത്. ‘‘ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വികസനത്തിന്റെ ഫലങ്ങൾ തുല്യമായി പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ നാം ആവിഷ്കരിക്കേണ്ടതുണ്ട്. അവർക്ക് നമ്മുടെ വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം’’ - മൻമോഹൻ സിങ്ങിന്റേതായി ബി.ജെ.പി പ്രചരിപ്പിക്കുന്ന വിഡിയോയിൽ പറയുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗം ഇങ്ങനെ: ‘‘ഞങ്ങളുടെ കൂട്ടായ മുൻഗണനകൾ വ്യക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷി, ജലസേചനം, ജലസ്രോതസ്സുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, പൊതുഅടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, സ്ത്രീകളും കുട്ടികളും, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പരിപാടികൾ എന്നിവയാണത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലം തുല്യമായി പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അവർക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം. കേന്ദ്രത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. വിഭവങ്ങളുടെ ലഭ്യതക്കനുസരിച്ച് ഉത്തരവാദിത്തങ്ങൾ സംയോജിപ്പിക്കേണ്ടതുണ്ട്’’.
പ്രസംഗത്തിലെ ‘‘മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം’’ എന്ന പരാമർശം വിവാദമായതിനെ തുടർന്ന് അന്നുതന്നെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ ഓഫിസ് വിശദീകരണക്കുറിപ്പും പുറത്തിറക്കിയിരുന്നു. സർക്കാറിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിനെ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം.
കോൺഗ്രസ് പ്രകടനപത്രികയിലെന്ത്?
അധികാരം ലഭിച്ചാൽ സർവേ നടത്തി കണക്കെടുത്തശേഷം സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചു നൽകുമെന്ന് പ്രകടനപത്രികയിലുണ്ടെന്ന മോദിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു. ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും മനസ്സിലാക്കാൻ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്നാണ് പ്രകടനപത്രികയിലുള്ളത്. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കും. ഏഴു പതിറ്റാണ്ടായി പിന്നാക്കക്കാരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ജാതികളുടെയും പുരോഗതിക്കായി ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയത് കോൺഗ്രസാണ്. എന്നിരുന്നാലും, ജാതി വിവേചനം ഇപ്പോഴും യാഥാർഥ്യമാണ്. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾ ഇപ്പോഴും പിന്നാക്കമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 70 ശതമാനത്തോളം വരും ഇവർ. ഉന്നത തൊഴിലുകളിലും സേവനങ്ങളിലും വ്യാപാര മേഖലയിലും അവരുടെ പ്രാതിനിധ്യം കുറവാണ്. പുരോഗമനപരമായ ആധുനിക സമൂഹം ഇത്തരം അസമത്വവും വിവേചനവും തുല്യ അവസര നിഷേധവും സഹിക്കില്ലെന്നും പ്രകടനപത്രിക വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.